തിരുവനന്തപുരം: സംസ്ഥാനത്ത് ഒട്ടാകെയും വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, അലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തമായതോടെയാണ് കേരളത്തിൽ മഴ സജീവമായത്.
ആന്ധ്ര–ഒഡീഷ തീരത്ത് ന്യൂനമർദം രൂപമെടുക്കുന്നതിനാൽ മഴ കൂടുതൽ ശക്തമാകാനിടയുണ്ട്. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ കളക്ടർമാരോട് സർക്കാർ നിര്‍ദേശിച്ചു. മലയോര മേഖലയിൽ രാത്രി യാത്ര നിരോധിച്ചു. മത്സ്യബന്ധനത്തിനും വിലക്കുണ്ട്. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് നിലവിലെ മുന്നറിയിപ്പ്.
ജൂണില്‍ ആരംഭിച്ച കാലവര്‍ഷം സംസ്ഥാനത്ത് ശക്തിപ്പെട്ടിരുന്നില്ല. ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാര്യമായ മഴ ലഭിച്ചിരുന്നു.