വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഓറഞ്ച് അലർട്ട്, കള്ളക്കടല്‍ പ്രതിഭാസം

Jaihind Webdesk
Monday, June 24, 2024

 

തിരുവനന്തപുരം: ഇന്നും നാളെയും വടക്കൻ കേരളത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്. മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. നാളെ കണ്ണൂരും കാസറഗോഡും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. അടുത്ത മൂന്ന് ദിവസത്തേക്ക് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമർദ്ദ പാത്തിയുടെ ഫലമായി പടിഞ്ഞാറൻ തീരമേഖലയിൽ കാലവർഷക്കാറ്റ് അടുത്ത മൂന്നു ദിവസം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കാസറഗോഡ്, കണ്ണൂർ, തിരുവനന്തപുരം തീരങ്ങൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിൽ 25-06-2024 രാത്രി 11.30 വരെ 2.9 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്തും തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.

ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.