സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലർട്ട്

Jaihind Webdesk
Friday, November 10, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ പുതുക്കിയ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്. ഇന്ന് എട്ടു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ എട്ടു ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട മഴയുണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും പ്രത്യേക അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.

അടുത്ത മൂന്നു മണിക്കൂറിൽ ഇടുക്കി, എറണാകുളം, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.