ആലപ്പുഴ മെമു പന്ത്രണ്ട് അധിക കോച്ചുകളുടെ റേക്ക് അനുവദിച്ച് റെയില്‍വെ: കെ.സി.വേണുഗോപാല്‍ എംപി

Jaihind News Bureau
Thursday, March 27, 2025

ആലപ്പുഴ തീരദേശപാത വഴിയുള്ള ട്രെയിന്‍ യാത്രക്കാരുടെ യാത്രാദുരിതം പരിഹരിക്കാന്‍ മെമു ട്രെയിനുകളില്‍ 12 അധിക കോച്ചുകളുടെ റേക്ക് അനുവദിച്ച് റെയില്‍വെ ബോര്‍ഡ് ഉത്തരവായെന്ന് കെ.സി.വേണുഗോപാല്‍ എംപി അറിയിച്ചു. കഴിഞ്ഞ നിരവധി മാസങ്ങളായി റെയില്‍വേ മന്ത്രാലയത്തിന് മുന്നില്‍ ഉന്നയിച്ചു പോന്നിരുന്ന ഒരു പ്രശ്‌നത്തിനു കൂടി പരിഹാരമാവുകയാണെന്ന് വ്യക്തമാക്കിയ കെ.സി.വേണുഗോപാല്‍ തീരദേശ പാത വഴി സഞ്ചരിക്കുന്ന 3 മെമു ട്രെയിനുകളില്‍ 4 കോച്ചുകള്‍ വീതം ഉള്‍പ്പെടുത്താനാണ് തീരുമാനം. ഇതോടെ ഈ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം 12ല്‍ നിന്ന് 16 ആയി മാറുമെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ 7.25നുള്ള യാത്രക്കാര്‍ തിങ്ങിനിറഞ്ഞു പോകുന്ന ആലപ്പുഴ – എറണാകുളം മെമുവില്‍ ഉള്‍പ്പെടെ ഈ പാതയില്‍ ആളുകള്‍ അനുഭവിക്കുന്ന അനിയന്ത്രിതമായ തിരക്കിന് ഈ കോച്ച് വര്‍ദ്ധനയിലൂടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. നിരവധി തവണ ഈ വിഷയം കേന്ദ്ര റെയില്‍വേ മന്ത്രിയുടെയും, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്റെയും ശ്രദ്ധയില്‍പ്പെടുത്തുകയും പാര്‍ലമെന്റില്‍ അടക്കം ഉന്നയിക്കുകയും ചെയ്തിരുന്നു. നിരവധി മാസങ്ങളുടെ നിരന്തരമായ പരിശ്രമത്തിന് ഫലമായിട്ടാണ് തീരദേശ യാത്രക്കാര്‍ക്ക് അനുകൂലമായ ഈ തീരുമാനം റെയില്‍വേയുടെ ഭാഗത്ത് നിന്നു ഉണ്ടായത്. തീരദേശ പാത വഴിയുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരുമെന്നും തീരദേശ റെയില്‍പാതയുടെ വികസനത്തിന് കൂടുതല്‍ മുന്‍ഗണന നല്‍കുമെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.

നിലവില്‍ കേരളത്തില്‍ സര്‍വീസ് നടത്തുന്ന മെമുവിന്‍റെ റേക്ക് നിര്‍മ്മാണം രാജ്യത്ത് പരിമിതാണ്. ഇതിനാല്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് റേക്കുകള്‍ മുന്‍ഗണനാക്രമത്തില്‍ കേരളത്തില്‍ തിരുവനന്തപുരം ഡിവിഷന് അനുവദിക്കണമെന്ന് റെയില്‍വെയോട് ആവശ്യപ്പെട്ടിരുന്നു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്നതും അതില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നതുമായ മെമു സര്‍വീസാണ് ആലപ്പുഴയിലേത്.സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ദൈനംദിനയാത്രക്കാരും പരീക്ഷയ്ക്കും ആശുപത്രിയിലും ഉള്‍പ്പെടെ അവശ്യകാര്യങ്ങള്‍ക്കും മറ്റും നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന മെമുവില്‍ റേക്കുകളുടെ അഭാവം കാരണം വലിയ തിരക്കാണ് അനുഭവപ്പെടുത്തത്. നരകയാത്രയില്‍ വലയുന്ന യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ നടപടിയാണിത്.