അമ്പലപ്പുഴ -തുറവൂര്‍ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട അന്തിമാനുമതി അനിശ്ചിതമായി വൈകുന്നത് നീതീകരിക്കാനാവില്ലെന്നും ഇക്കാര്യത്തിലുള്ള തടസ്സങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നും കെ.സി.വേണുഗോപാല്‍ എംപി തിരുവനന്തപുരം റെയില്‍വെ ഡിവിഷനിലെ എംപിമാരുടെ യോഗത്തില്‍ ആവശ്യപ്പെട്ടു. നടപടിക്രമങ്ങള്‍ വൈകുന്നതിലെ പോരായ്മകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ ദക്ഷിണ റയില്‍വെയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു. തടസ്സങ്ങൾ നീക്കാൻ അനുകൂലമായ ഇടപെടൽ ഉണ്ടാകുമെന്ന് യോഗത്തിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ എം.പി.ക്ക് ഉറപ്പുനൽകി.
എറണാകുളം-കുമ്പളം പാത ഇരട്ടിപ്പിക്കലിന് ആവശ്യമായ 4.20 ഹെക്ടര്‍ ഭൂമിയില്‍ 2.95 ഹെക്ടര്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേക്ക് കൈമാറിയിരുന്നു. ശേഷിക്കുന്ന ഭൂമി ഈ മാസാവസാനത്തോടെ കൈമാറും. കുമ്പളം-തുറവൂര്‍ മേഖലയിലെ 10.30 ഹെക്ടര്‍ ഭൂമി ആവശ്യമായതില്‍ 9.43 ഹെക്ടര്‍ കൈമാറി. ശേഷിക്കുന്ന ഭൂമിയും ഈ മാസത്തോടെ ലഭ്യമാക്കും എന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത് എന്ന് റെയില്‍വേ യോഗത്തില്‍ അറിയിച്ചു. തുറവൂര്‍-അമ്പലപ്പുഴ മേഖലയിലെ പാത ഇരട്ടിപ്പിക്കലിന് ആവശ്യമായ വിശദമായ പദ്ധതി രേഖയും എസ്റ്റിമേറ്റും 2022 മുതല്‍ റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയില്‍ ആണെങ്കിലും ഇനിയും അന്തിമാനുമതി ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അടിയന്തര പരിഹാരം വേണമെന്ന് എംപി ആവശ്യപ്പെട്ടു.
സ്റ്റേഷന്‍ നവീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാണം.ഏറ്റവും കൂടുതല്‍ സ്വദേശികളും വിനോദ സഞ്ചാരികളുമായ നിരവധി യാത്രക്കാര്‍ എത്തുന്ന കായുംകുളം റെയില്‍വെ സ്റ്റേഷന്റെ നവീകരണത്തില്‍ കൂടുതല്‍ മുന്‍ഗണന നല്‍കണം. ഇതേരീതിയില്‍ ഹരിപ്പാട്,ചേര്‍ത്തല , അമ്പലപ്പുഴ സ്റ്റേഷനുകള്‍ക്കും പ്രത്യേക പരിഗണന നല്‍കണം.
മെമു ട്രെയിനുകള്‍ക്ക് ആവശ്യത്തിന് കോച്ചുകള്‍ ഇല്ലാത്തത് യാത്രാക്ലേശം ഇരട്ടിയാക്കി. ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കൂടുതല്‍ പേരും ട്രെയിനെയാണ് ആശ്രയിക്കുന്നത്. നിലവിലെ കോച്ചുകളില്‍ വലിയ ജനത്തിരക്കാണ്. പലപ്പോഴും സീറ്റു കിട്ടാത്ത തൂങ്ങിനിന്ന് യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. അതുകൊണ്ട് തന്നെ എത്രയും വേഗം കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നടപടിയെടുക്കണം.
ആലപ്പുഴ വഴി പോകുന്ന മെമുവിന്റെ കോച്ചുകള്‍ 12-ല്‍ നിന്നും 16 ആയി ഉയര്‍ത്തുന്നതിന് റേക്കുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. കപൂര്‍ത്തലയിലെ റെയില്‍വേ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് റേക്കുകള്‍ തിരുവനന്തപുരം ഡിവിഷന് കൈമാറും. ഈ വര്‍ഷം ജൂണ്‍മാസം 30നകം റേക്കുകള്‍ അനുവദിക്കാന്‍ കഴിയുമെന്ന് ജനറൽ മാനേജർ എംപിക്ക് ഉറപ്പുനല്‍കി.
ട്രെയിനുകളുടെ ദൂരപരിധി നീട്ടുന്നത് സംബന്ധിച്ച ആവശ്യം ഉന്നയിക്കുമ്പോഴെല്ലാം പരിഗണിക്കാമെന്ന റെയില്‍വെയുടെ പതിവ് മറുപടിക്ക് അപ്പുറത്തേക്ക് നടപടികള്‍ ഉണ്ടാകുന്നില്ലെന്നും എംപി കുറ്റപ്പെടുത്തി.
ആലപ്പുഴ സ്റ്റേഷനോട് അനുബന്ധിച്ചുള്ള പിറ്റ്ലൈന്റെ നീളം വര്‍ദ്ധിപ്പിക്കണം.നിലവില്‍ ഇതുമായി ബന്ധപ്പെട്ട ജോലികള്‍ വളരെ മന്ദഗതിയിലാണ് നടക്കുന്നത്, അത് പൂര്‍ത്തീകരിക്കുന്നതിന് ഒരു സമയപരിധി നിശ്ചയിക്കണമെന്നും എംപി ആവശ്യപ്പെട്ടു.റെയില്‍വെ മേല്‍പ്പാതകളുടെ നിര്‍മ്മാണം വേഗത്തിലാക്കണം. എറണാകുളം – കായംകുളം പാസഞ്ചര്‍, മറ്റ് പാസഞ്ചര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ കോവിഡ് സമയത്ത് പിന്‍വലിച്ച ട്രെയിന്‍ സ്റ്റോപ്പുകള്‍ കാലതാമസമില്ലാതെ പുനഃസ്ഥാപിക്കണം.
വന്ദേ ഭാരത് ഉള്‍പ്പെടെ എല്ലാ എക്‌സ്പ്രസ്സ് ട്രെയിനുകളിലും ശുചിത്വമുള്ള ഭഷണവും വൃത്തിയുള്ള കോച്ചുകളും ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ഗൗരവകരമായ നടപടി സ്വീകരിക്കണമെന്നും നിലവില്‍ ഇതുസംബന്ധിമായി നിരവധി പരാതികളുണ്ടെന്നും എംപി യോഗത്തില്‍ പറഞ്ഞു.ഗുണനിലവാരമില്ലാത്ത ഭക്ഷണം നല്‍കുന്നതിന്റെ പേരില്‍ പിഴ ചുമത്തുന്നതില്‍ മാത്രം നടപടി ഒതുങ്ങരുതെന്നും പഴകിയതും ഗുണനിലവാരമില്ലാത്തുമായ ഭക്ഷണം വിതരണം ചെയ്യുന്നവര്‍ക്കെതിരെ ഇത്തരം നടപടി ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ആലപ്പുഴ സ്റ്റേഷനില്‍ അമൃത് ഭാരത് പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന ഫുട് ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം രണ്ട് ലിഫ്റ്റുകളും 2 എസ്‌കലേറ്ററുകളും അധികമായി സ്ഥാപിക്കാമെന്ന് റെയില്‍വേ യോഗത്തില്‍ അറിയിച്ചു. ഘട്ടം ഘട്ടമായിട്ടാകും ഇവ സ്ഥാപിക്കുക. എന്‍എസ്ജി-3 കാറ്റഗറി പ്രകാരമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും റെയില്‍വേ അറിയിച്ചു. കായംകുളത്ത് അമൃത് ഭാരത് പദ്ധതി പ്രകാരം നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 65 ശതമാനം പൂര്‍ത്തിയായി. ഇവിടെ എക്‌സലേറ്റര്‍,ലിഫ്റ്റ് എന്നിവയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ജനറേറ്റര്‍ സ്ഥാപിക്കും.
തുറവൂരില്‍ സ്റ്റേഷനില്‍ പ്രവേശിക്കുന്നതിന് റാമ്പും ട്രോളി ട്രാക്കും അംഗപരിമിതര്‍ക്കുള്ള ശൗചാലയങ്ങളും നിര്‍മ്മിക്കും.
ചേര്‍ത്തലയില്‍ അധിക പ്ലാറ്റ് ഫോം ഷെല്‍ട്ടറുകള്‍, സര്‍ക്കുലേറ്റിംഗ് ഏരിയ, പാര്‍ക്കിംഗ് ഏരിയ,അപ്രോച്ച് റോഡ് എന്നിവ ഉടന്‍ പൂര്‍ത്തിയാക്കും. ചേര്‍ത്തല സ്റ്റേഷന്‍ അമൃത് ഭാരത് കാറ്റഗറി 5ല്‍നിന്ന് 4ലേക്ക് ഉയര്‍ത്തി. അമ്പലപ്പുഴയിലും ചേര്‍ത്തലയിലും ഹരിപ്പാടും ലിഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തും. മാരാരിക്കുളത്ത് ഫുട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കാന്‍ അനുമതിയായെങ്കിലും പാത ഇരട്ടിപ്പിക്കലിന് ഒപ്പമാകും നിര്‍മ്മാണം ആരംഭിക്കുക. ചെന്നൈ-ഗുരുവായൂര്‍ എക്‌സ്പ്രസിന് ഹരിപ്പാട് സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ റെയില്‍വേ തുടങ്ങിയതായും എംപി പറഞ്ഞു.