റെയിൽവേ നിരക്ക് വർദ്ധന: സാധാരണക്കാരന്‍റെ നടുവൊടിക്കുന്നതെന്ന് മല്ലികാർജുൻ ഖാർഗെ

Jaihind News Bureau
Tuesday, December 23, 2025

റെയില്‍വേ നിരക്ക് വര്‍ദ്ധനവിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്രം സാധാരണ യാത്രക്കാര്‍ക്ക് മേല്‍ ഭാരം ചുമത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ടിക്കറ്റ് നിരക്കില്‍ റെയില്‍വേ മന്ത്രാലയം പരിഷ്‌കരണം പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

215 കിലോമീറ്ററിന് മുകളിലുള്ള ഓര്‍ഡിനറി ക്ലാസ് യാത്രകള്‍ക്ക് കിലോമീറ്ററിന് 1 പൈസയും, എല്ലാ ട്രെയിനുകളുടെയും മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളുടെ നോണ്‍-എസി ക്ലാസുകള്‍ക്കും എസി ക്ലാസുകള്‍ക്കും കിലോമീറ്ററിന് 2 പൈസയും നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് റെയില്‍വേ മന്ത്രാലയം ഞായറാഴ്ച അറിയിച്ചിരുന്നു. പുതുക്കിയ നിരക്കുകള്‍ 2025 ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരും.

നിലവിലെ സര്‍ക്കാരിന്റെ കീഴില്‍ റെയില്‍വേ അവഗണന നേരിടുന്നുവെന്നും പ്രത്യേക റെയില്‍വേ ബജറ്റ് നിര്‍ത്തലാക്കിയതിനുശേഷം ഉത്തരവാദിത്തം ദുര്‍ബലമായെന്നും ഖാര്‍ഗെ പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാമത്തെ നിരക്ക് വര്‍ധനവാണെന്നും ബജറ്റിന് മുമ്പുള്ള അതിന്റെ സമയക്രമത്തെ ചോദ്യം ചെയ്തതായും അദ്ദേഹം കുറ്റപ്പെചുത്തി. എന്‍സിആര്‍ബിയുടെ ഡാറ്റ ഉദ്ധരിച്ച് റെയില്‍വേ സുരക്ഷയെക്കുറിച്ചും ഖാര്‍ഗെ ആശങ്കകള്‍ ഉന്നയിച്ചു. 2014 നും 2023 നും ഇടയില്‍ നടന്ന റെയില്‍വേ അപകടങ്ങളില്‍ 2.18 ലക്ഷം പേര്‍ മരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഈ കാലയളവില്‍ സുരക്ഷ വഷളായെന്നും അദ്ദേഹം ആരോപിച്ചു.