സില്‍വർലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ല; കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ കത്തിന് റെയില്‍വേയുടെ വിശദീകരണം

Jaihind Webdesk
Saturday, April 9, 2022

 

ന്യൂഡല്‍ഹി : സിൽവർ ലൈൻ പദ്ധതിക്ക് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്ന് റെയിൽവേ ബോർഡ്. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ കത്തിനാണ് ചെയർമാൻ വിനയ് കുമാർ ത്രിപാഠി മറുപടി നൽകിയിരിക്കുന്നത്. മുതൽമുടക്കിന് മുമ്പുള്ള പ്രവൃത്തികൾക്ക് മാത്രമാണ് റെയിൽവേ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. സിൽവർ ലൈൻ പദ്ധതിയുടെ സാങ്കേതിക പ്രായോഗികത സംബന്ധിച്ച മതിയായ വിവരങ്ങൾ ഡിപിആറിൽ ഇല്ലെന്നും ത്രിപാഠി കുറ്റപ്പെടുത്തി.

കേരളാ റെയിൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ എന്ന സംസ്ഥാന സർക്കാരിൻ്റെയും (51%) റെയിൽവേ വകുപ്പിൻ്റെയും (49%) സംയുക്ത ഓഹരി പങ്കാളിത്തമുള്ള കമ്പനിയായ കെ റെയിൽ ആണ് സിൽവർ ലൈൻ പ്രോജക്ട് നിർദേശിച്ചിരിക്കുന്നത്. മുതൽമുടക്കിന് മുമ്പുള്ള പ്രവർത്തികൾക്ക് മാത്രമാണ് തത്വത്തിലുള്ള അനുമതി റെയിൽവേ മന്ത്രാലയം നിലവിൽ നൽകിയിരിക്കുന്നത്.

തത്വത്തിലുള്ള അനുമതി എന്നാൽ, ഡിപിആറിന്‍റെ അവതരണം, അതുവഴി സാമ്പത്തിക കാര്യങ്ങളിൽ ഉൾപ്പെടെയുള്ള എല്ലാ വിശദാംശങ്ങളും അറിയിക്കുക. കെ റെയിൽ അധികൃതർ റെയിൽവേ വകുപ്പിന് സമർപ്പിച്ച ഡിപിആറില്‍ സിൽവർ ലൈൻ പദ്ധതിയുടെ സാങ്കേതിക പ്രായോഗികത സംബന്ധിച്ച മതിയായ വിവരങ്ങൾ ഇല്ല. അതിനാൽ തന്നെ കെ റെയിൽ കോർപറേഷനോട് വിശദമായ സാങ്കേതിക രേഖകൾ, അലൈൻമെന്‍റ് പ്ലാൻ, റെയിൽവേ ഭൂമി , സ്വകാര്യ ഭൂമി എന്നിവയുടെ വിശദ വിവരങ്ങൾ, നിലവിലുള്ള റെയിൽവേ നെറ്റ്‌വർക്കിനെ എവിടെയൊക്കെ സിൽവർ ലൈൻ പാത ക്രോസ് ചെയ്യുന്നു, പദ്ധതി കാരണം ബാധിക്കപ്പെട്ട റെയിൽവേ വസ്തുവകകൾ അതാത് സോണൽ റെയിൽവേ സൈറ്റ് പരിശോധന നടത്തിയത് ഉൾപ്പെടെ സമർപ്പിച്ചാല്‍ മാത്രമേ പദ്ധതിയുടെ സാധ്യത സംബന്ധിച്ച അന്തിമ തീരുമാനം റെയിൽവേ കൈക്കൊള്ളൂ.

സാമ്പത്തിക പ്രായോഗികത പരിശോധനയും ഈ വിഷയത്തിൽ തുടർനടപടികളും അതിന് ശേഷം മാത്രമേ ഉണ്ടാകൂ. സിൽവർ ലൈൻ പദ്ധതിക്ക് ഏതെങ്കിലും തരത്തിലുള്ള അന്തിമ അനുമതി ലഭിക്കുന്നത് പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക റിപ്പോർട്ടുകളുടെ ആശ്രയിച്ചിരിക്കുന്നു. സിൽവർ ലൈൻ പദ്ധതിക്ക് അന്തിമ തീരുമാനം ഇതുവരെ നൽകിയിട്ടില്ല എന്നും റെയിൽവേ ബോർഡ് ചെയർമാൻ വിനയ് കുമാർ ത്രിപാഠി കൊടിക്കുന്നിൽ സുരേഷ് എംപി അയച്ച കത്തിന് നൽകിയ മറുപടിയിൽ വ്യക്തമാക്കി.