പാലക്കാടിന്‍റെ റെയിൽവേ വികസന സ്വപ്നങ്ങൾ പൂവണിയുന്നു; പിറ്റ് ലൈൻ പദ്ധതിക്ക് റെയിൽവേ ബോർഡ് അംഗീകാരം : വി. കെ. ശ്രീകണ്ഠൻ എം.പി

Jaihind News Bureau
Monday, May 25, 2020

പാലക്കാടിന്‍റെ റെയിൽവേ വികസന സ്വപ്നങ്ങൾ പൂവണിയുന്ന പിറ്റ് ലൈൻ പദ്ധതിക്ക് റെയിൽവേ ബോർഡ് അംഗീകാരം നൽകിയതായി വി. കെ. ശ്രീകണ്ഠൻ എംപി അറിയിച്ചു. 19 കോടി 10 ലക്ഷം രൂപയുടെ അത്യാധുനിക ട്രെയിൻ അറ്റകുറ്റപ്പണി കേന്ദ്രമാണ് പിറ്റ് ലൈൻ പദ്ധതി. ഇത് സംസ്ഥാനത്തിന്റെ തന്നെ റെയിൽവേ വികസനത്തിന് വളരെയേറെ പ്രയോജനം ചെയ്യും.

പാലക്കാട്ടെ ജനങ്ങൾ തന്നെ തിരഞ്ഞെടുത്ത് ഒരു വർഷം പൂർത്തിയായ ഈ അവസരത്തിൽ അവർക്കുള്ള ഒരു പാരിതോഷികം കൂടിയാണ് ഈ പദ്ധതിയെന്ന് ശ്രീകണ്ഠൻ പറഞ്ഞു. എം.പി.യായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ റെയിൽവേയില്‍ നിന്നും വിരമിച്ച പരിചയസമ്പന്നരായ ചില മുതിർന്ന വ്യക്തികളുടെ നിർദേശാനുസരണമാണ് പാലക്കാടിന്റെ റെയിൽ വികസനത്തിലെ നാഴികകല്ലാകുന്ന ഈ പദ്ധതിക്കായി പരിശ്രമം ആരംഭിച്ചത്.
കഴിഞ്ഞ ഒരു വർഷമായി തുടർച്ചയായി ഇക്കാര്യം ലോകസഭയിൽ ഉന്നയിക്കുകയും നിരവധി തവണ കേന്ദ്ര റെയിൽവേ മന്ത്രിമാരുമായും ബോർഡ് ചെയർമാനുമായി ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ദക്ഷിണ റെയിൽവേ മാനേജറെ ചെന്നൈയിൽ ചെന്ന് കണ്ട് ചർച്ച നടത്തിയിരുന്നു. നിരന്തരമായി നടത്തിയ ഈ പരിശ്രമങ്ങൾ വിജയം കണ്ടതില്‍ വളരെയധികം ചാരിതാര്‍ത്ഥ്യമുണ്ട്. ഈ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ച കേന്ദ്രമന്ത്രിമാര്‍ക്കും ഉയർന്ന ഉദ്യോഗസ്ഥർക്കും ഈ ഉദ്യമത്തിന് എല്ലാ പിന്തുണയും നല്‍കിയ മാധ്യമ പ്രവർത്തകർക്കും ശ്രീകണ്ഠൻ നന്ദി അറിയിച്ചു.
റെയിൽവേ ബോർഡ് അംഗീകാരം ലഭിച്ചതോടുകൂടി ഈ പദ്ധതിയുടെ ടെൻണ്ടര്‍ നടപടി ഉടനുണ്ടാകും. ഒരു വർഷത്തിനകം തന്നെ യുദ്ധകാലടിസ്ഥാനത്തിൽ ഇത് നടപ്പിലാകും. ദീർഘദൂര ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കായുളള പിറ്റ് ലൈൻ വരുന്നതോടെ പാലക്കാട് നിന്നും നിരവധി പുതിയ ട്രെയിനുകൾ ആരംഭിക്കുവാൻ കഴിയും. പാലക്കാട്–മംഗലാപുരം, പാലക്കാട്–ബെംഗളൂരു, പാലക്കാട്-ചെന്നൈ, പാലക്കാട്-തിരുവനന്തപുരം എന്നിങ്ങനേയും കൂടാതെ വടക്കേ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്കും ഇവിടെ നിന്ന് പുതിയ ട്രെയിനുകൾ ആരംഭിക്കാവുന്നതാണ്.

നാളിതുവരെ ട്രെയിന്‍ അറ്റകുറ്റപ്പണി കേന്ദ്രം ഇല്ല എന്നുള്ളതാണ് പുതിയ ട്രെയിനുകൾ പാലക്കാട് നിന്നും ആരംഭിക്കുവാനുള്ള സാങ്കേതിക തടസ്സമായി റെയിൽവേ അധികാരികൾ ചൂണ്ടിക്കാട്ടിയിരുന്നത്.

പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലാണ് നിർദ്ദിഷ്ട പിറ്റ് ലൈൻ പ്രവർത്തനം ആരംഭിക്കുക. ഒരു ദിവസം മൂന്ന് ട്രെയിനുകളുടെയെങ്കിലും അറ്റകുറ്റപ്പണികൾ ഇവിടെ നടത്തുവാൻ കഴിയും. നാല് റെയിൽവേ ട്രാക്കുകള്‍ ഇതിനായി തയ്യാറാക്കും. ഒന്ന് അറ്റകുറ്റപ്പണിക്കും മറ്റൊന്ന് തകരാറുള്ള ട്രെയിൻ നിർത്തിയിടാനും കൂടാതെ രണ്ടെണ്ണം പണി കഴിഞ്ഞ് നിർത്തിയിടാനുള്ളതുമാണ്.