
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ താല്‍പ്പര്യമാണെന്ന് അടൂര്‍ പ്രകാശ് എം.പി. രാഹുലിനെ കണ്ടെത്താനാകാത്തതില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ പോലീസ് ഓഫീസറും ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന ഭാരവാഹിയുമാണ്. കൂടാതെ, തമ്പാനൂര്‍ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള സി.ഐ.യാണ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്റെ തലവന്‍. രക്ഷപ്പെട്ട കാറിന്റെ ഡ്രൈവറെ പ്രത്യേകമായി കണ്ടെത്തിയതും ഇദ്ദേഹമാണ്. ഈ സാഹചര്യത്തില്‍, ലുക്ക് ഔട്ട് നോട്ടീസ് നല്കിയ പ്രതിയെ എന്തുകൊണ്ട് കണ്ടെത്തുന്നില്ലെന്ന് അടൂര്‍ പ്രകാശ് ചോദ്യം ചെയ്തു. അന്വേഷണ റിപ്പോര്‍ട്ട് എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘തിരഞ്ഞെടുപ്പു വരെ രാഹുലിനെ അറസ്റ്റ് ചെയ്യുന്നില്ല എന്നതാണ് സത്യാവസ്ഥ. കര്‍ണാടകയില്‍ രാഹുല്‍ ഉണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല, കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ എന്തുകൊണ്ട് സ്വീകരിക്കുന്നില്ല?’ എന്നും അടൂര്‍ പ്രകാശ് ചോദിച്ചു. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമെന്നും, തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഇത് വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.