പ്രിയ മോദീ… മാധ്യമങ്ങളെ കാണൂ, ചോദ്യങ്ങള്‍ രസമുള്ള കാര്യമാണ്; മോദിക്ക് രാഹുല്‍ ഗാന്ധിയുടെ ഉപദേശം

Jaihind Webdesk
Thursday, December 6, 2018

ന്യൂഡല്‍ഹി: മാധ്യമങ്ങളുമായുള്ള ഇടപെടലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എപ്പോഴെങ്കിലും പത്രസമ്മേളനത്തിന് ഇരിക്കണമെന്നും ചോദ്യങ്ങള്‍ കേള്‍ക്കുന്നത് രസമുള്ള കാര്യമാണ് എന്നുമാണ് രാഹുലിന്റെ പരിഹാസം. തെരഞ്ഞെടുപ്പുകളില്‍ മോദി നടത്തുന്ന അമിത പ്രചാരണങ്ങളെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ വിമര്‍ശിച്ചു.

പ്രിയപ്പെട്ട മോദി, തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചുകഴിഞ്ഞു. പ്രധാനമന്ത്രിയെന്ന പാര്‍ട് ടൈം ജോലിക്കായി കുറച്ചുസമയമെങ്കിലും ചെലവഴിക്കൂ. നിങ്ങള്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തിയിട്ട് 1654 ദിവസങ്ങളായി. ഒരു പത്രസമ്മേളനത്തിനു പോലും ഇരുന്നിട്ടില്ല. വല്ലപ്പോഴുമെങ്കിലും ചോദ്യങ്ങള്‍ നേരിടുന്നത് രസമുള്ള കാര്യമാണ്- രാഹുല്‍ ട്വീറ്റ് ചെയ്തു.

ഹൈദരാബാദില്‍ നടത്തിയ പത്രസമ്മേളനത്തിന്റെ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു രാഹുലിന്റെ ട്വീറ്റ്. പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയശേഷം മോദി ഇതേവരെ പത്രസമ്മേളനങ്ങള്‍ക്കു തയറായിട്ടില്ല. എന്നാല്‍ ചില ദേശീയ ചാനലുകള്‍ക്ക് അദ്ദേഹം അഭിമുഖം നല്‍കിയിരുന്നു.