‘
എറണാകുളം/ആലുവ: മഹാത്മാ ഗാന്ധിയുടെ പാദം പതിഞ്ഞ ആലുവയുടെ മണ്ണില്‍ ആദരവർപ്പിച്ച് രാഹുല്‍ ഗാന്ധി. ആലുവ യുസി കോളേജില്‍ ഗാന്ധിജി നട്ട മാവിന് മുന്നില്‍ കൂപ്പുകൈകളോടെ നിന്നാണ് അദ്ദേഹം മഹാത്മാവിന്റെ സ്മരണകള്‍ക്ക് മുന്നില്‍ ആദരവർപ്പിച്ചത്. ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പഹാരമണിയിച്ചാണ് ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ രണ്ടാം ദിവസത്തെ പ്രയാണം ആരംഭിച്ചത്. യാത്രയില്‍ അണിചേരാനായി ലക്ഷദ്വീപില്‍ നിന്നെത്തിയവർ കൊണ്ടുവന്ന കല്പവൃക്ഷവും രാഹുല്‍ ഗാന്ധി കോളേജ് വളപ്പില്‍ നട്ടു.
രാജ്യമെമ്പാടും ദേശീയ പ്രക്ഷോഭം ഉയരുന്ന സമയത്ത് വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച് മഹാത്മാ ഗാന്ധി 1925 മാർച്ച് 18ന് ആലുവയിൽ എത്തി. പര്യടനത്തിനിടെ വിദ്യാർത്ഥികളുടെ അഭ്യർത്ഥന മാനിച്ച് അദ്ദേഹം യുസി കോളേജും സന്ദർശിച്ചു. സന്ദർശനത്തിന്റെ ഓർമയ്ക്കായി ഗാന്ധിജി നട്ട മാവാണ് ഇന്ന് കോളേജിന്റെ മുറ്റത്ത് തലയുയർത്തി നിൽക്കുന്നത്.