‘രാഹുല്‍ മാപ്പ് പറയില്ല’; ബ്രിട്ടിഷുകാരോട് മാപ്പു പറഞ്ഞവര്‍ ദേശസ്നേഹം പഠിപ്പിക്കേണ്ടെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Tuesday, March 21, 2023

 

ന്യൂഡൽഹി: ബ്രിട്ടിഷുകാരോട് മാപ്പു പറഞ്ഞവര്‍ കോണ്‍ഗ്രസിനെ ദേശസ്നേഹം പഠിപ്പിക്കേണ്ടെന്ന് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി മാപ്പ് പറയില്ലെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ്, രാഹുല്‍ രാജ്യത്തെ അപമാനിച്ചെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ആരോപണം തള്ളി. അദാനിയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്നു രക്ഷപ്പെടാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര വ്യക്തമാക്കി.

അദാനി വിഷയത്തില്‍ ഇന്നും പാർലമെന്‍റിന്‍റെ ഇരുസഭകളും പ്രക്ഷുബ്ധമായി. അദാനി വിവാദം സംയുക്ത പാർലമെന്‍ററി സമിതി അന്വേഷിക്കണം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഒന്നാം നിലയില്‍ പ്രതിഷേധിച്ചു. വിട്ടുവീഴ്ചയ്ക്കില്ലാതെ ഭരണപക്ഷവും പ്രതിപക്ഷവും നിലപാട് സ്വീകരിച്ചതോടെ തുടര്‍ച്ചയായ ഏഴാം ദിവസവും പാർലമെന്‍റ് നടപടികള്‍ തടസപ്പെട്ടു.

രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് ഭരണപക്ഷം. എന്നാല്‍ ഇത് നടക്കാന്‍ പോകുന്നില്ലെന്ന് കോണ്‍ഗ്രസ് ആവർത്തിച്ച് വ്യക്തമാക്കി. അതേസമയം അദാനിക്കെതിരായ ഹിന്‍ഡന്‍ബർഗ് റിപ്പോർട്ടില്‍ പ്രതികരിക്കാനോ പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനോ ഭരണപക്ഷം തയാറാകുന്നില്ല. വിഷയത്തില്‍ നിന്ന് ഒളിച്ചോടാന്‍ വേണ്ടിയാണ് കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിക്കുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.