വയനാടിന് നന്ദി പറയാന്‍ രാഹുല്‍; 12ന് മണ്ഡലത്തിലെത്തും

Jaihind Webdesk
Sunday, June 9, 2024

 

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി ഈ മാസം 12ന് വയനാട്ടിലെത്തും. ലോക്സഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം സമ്മാനിച്ച ജനങ്ങളോട് നന്ദി പറയാനായാണ് വയനാട്ടിലെത്തുന്നത്.  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽകുമാർ എംഎൽ എയാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹിയിലെ 10 ജൻപഥിൽ വെച്ച് മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീയതി സംബന്ധിച്ചു തീരുമാനമായത്.

കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്സൺ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി,  പ്രിയങ്കാ ഗാന്ധി എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. പാർലമെന്‍റ് അംഗമായി തിരഞ്ഞെടുത്തതിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ സർട്ടിഫിക്കറ്റ് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് ടി.സിദ്ദിഖ് എംഎൽഎ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് കെ.കെ. അഹമ്മദ് ഹാജി, ഡിസിസി പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചൻ, കെ.എൽ. പൗലോസ് എന്നിവരുടെ സാന്നിധ്യത്തിൽ എ.പി. അനിൽ കുമാർ എംഎൽഎ രാഹുൽ ഗാന്ധിക്ക് കൈമാറി.