ന്യൂഡല്‍ഹി: കലാപം അടങ്ങാത്ത മണിപ്പുര്‍ സന്ദർശിക്കാൻ തയാറാകാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി മണിപ്പൂരിലേക്ക് പോകുമ്പോള്‍ മോദി റഷ്യാ സന്ദർശനത്തിന് പോവുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് വിമർശിച്ചു. ഇനി എന്നാണ് മോദി മണിപ്പുർ സന്ദർശിക്കുകയെന്നും കോണ്‍ഗ്രസ് ചോദിച്ചു.
‘‘ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അസമിലേക്കും മണിപ്പൂരിലേക്കും പോകുമ്പോൾ ഇന്ത്യയുടെ ‘നോൺ-ബയോളജിക്കൽ’ പ്രധാനമന്ത്രി മോസ്കോയിലേക്കു പോകുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധം നിർത്തിവെപ്പിച്ചതായി അവകാശപ്പെട്ടിരുന്ന നോൺ-ബയോളജിക്കൽ പ്രധാനമന്ത്രിയുടെ വക്താക്കൾ ഈ മോസ്‌കോ യാത്രയിൽ കൂടുതൽ വിചിത്രമായ അവകാശവാദങ്ങളുന്നയിക്കാനും സാധ്യതയുണ്ട്’’– ജയ്റാം രമേശ് എക്സിൽ കുറിച്ചു.