ജൈവ വൈവിധ്യ ദിനത്തിൽ വയനാട്ടിലെ കർഷകന്‍റെ വീഡിയോ പങ്കുവെച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Sunday, May 22, 2022

മുക്കം ‌: ജൈവ വൈവിധ്യ ദിനത്തിൽ 150 ഓളം മാവിനങ്ങൾ സംരക്ഷിക്കുന്ന കാരശ്ശേരി പൊയിൽ അബ്ദുവിന്‍റെ വിഡിയോ പങ്ക്‌ വെച്ച് രാഹുൽ ഗാന്ധി എം.പി. നാടനും വിദേശിയുമായ 150 ഓളം വിവിധ മാവിനങ്ങൾ സംരക്ഷിക്കുന്ന മുക്കം കാരശ്ശേരി സ്വദേശി അബ്ദുവിന്റെ തോട്ടത്തിൽ രത്നഗിരി അൽഫോൻസ , ചേലൻ, മൂവാണ്ടൻ തുടങ്ങിയ മാവിനങ്ങൾ ഉണ്ട്. വിവിധ മാവിനങ്ങൾ സംരക്ഷിക്കുകയും നമ്മുടെ കാലാവസ്ഥയിൽ ഏതൊക്കെ മാവുകൾ കായ്ക്കും എന്നുള്ളതിന്റെ റിസർച്ചും കൂടിയാണ് അബ്ദു നടത്തുന്നത്. നാട്ടിലെ കാലാവസ്ഥയിൽ ധാരാളം മാങ്ങകൾ ലഭിക്കുന്ന നാടൻ മാവുകളിൽ മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽനിന്നും ഉള്ള മാവിനങ്ങൾ തേടിപ്പിടിച്ച്‌ കൊണ്ടുവന്ന് ഗ്രാഫ്റ്റ് ചെയ്താണ്‌ അബ്ദു മികച്ച കായ്ഫലം ഉണ്ടാക്കുന്നത്‌. ‌

മാവിന് പുറമെ ചിക്കു, ചക്ക, അബിയൂ, പ്ലം ഇനങ്ങൾ തുടങ്ങി 350 ഓളം പഴവർഗങ്ങളും അബ്ദുവിന്റെ കൃഷിയിടത്തിൽ ഉണ്ട്‌. സ്‌കൂൾ കുട്ടികൾക്ക് കൃഷി ഒരു പാഠ്യ പദ്ധതിയായി ആഴ്ചയിൽ ഒരു പിരിയഡ് എങ്കിലും ഉൾപ്പെടുത്തണം എന്നാണ്‌ വീഡിയോയിൽ അബ്ദു നമ്മുടെ സർക്കാരുകളോട്‌‌ അപേക്ഷിക്കുന്നത്‌.

‘ഭൂമിയുടെ സൗന്ദര്യം എന്ന് പറഞ്ഞാൽ തന്നെ ജൈവ വൈവിധ്യമാണല്ലോ. അത് വരും തലമുറകൾക്ക് വേണ്ടി എന്നാൽ കഴിയുന്നത്ര ഞാൻ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്’ – അബ്ദു പറയുന്നു.

‘സസ്യ-ജന്തുജാലങ്ങളിലെ വൈവിധ്യമാണ്‌ നമ്മുടെ ഭൂമിയെ അതുല്യമാക്കുന്നത്‌. ഈ വൈവിധ്യം നശിച്ചാൽ നമുക്ക്‌ നഷ്ടപ്പെടുന്നത്‌ ഈ ഭൂമിയെത്തന്നെയാണ്‌. നിസ്സാരമെന്ന് നമുക്ക്‌ തോന്നുന്ന ജീവജാലങ്ങൾക്കുപോലും ഭൂമിയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വലിയ പങ്കുണ്ട്‌. നമുക്ക്‌ അവ ഓരോന്നിനേയും സംരക്ഷിക്കാം’ ജൈവവൈവിധ്യദിനം ആശംസിച്ചുകൊണ്ട്‌ രാഹുൽ ഗാന്ധി എംപി സമൂഹ മാധ്യമത്തിൽ കുറിച്ചു.