നിയമസഭ സമ്മേളനത്തില്‍ ആശ വര്‍ക്കര്‍മാരുടെ സമരം ചൂണ്ടിക്കാട്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കോവിഡ് കാലത്ത് മഹത്തായ സേവനം ചെയ്തവര്‍ ഇന്ന് സെക്രട്ടറിയേറ്റിനു മുന്നില്‍ മഴയും വെയിലും കൊണ്ട് സമരം ഇരിക്കുന്നുവെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും അവരോട് സംസാരിക്കുവാന്‍ തയ്യറാകുന്നില്ലെന്നും അദ്ദേഹം സഭയില്‍ ആഞ്ഞടിച്ചു. അവരെ അവഗണിക്കുന്ന സര്‍ക്കാരിനെതിരേയും ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരേയും കടുത്ത വിമര്‍ശനമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉയര്‍ത്തിയത്. ആശ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്ന തുച്ചമായ 7000 രൂപ പോലും കഴിഞ്ഞ മൂന്നുമാസമായി മുടങ്ങിയിരിക്കുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പോരാത്തതിന് സമരക്കാര്‍ക്കെതിരെ എന്തൊക്കെ ആക്ഷേപമാണ് നടത്തുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.
ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്നത് കേരളമെന്നാണ് ആരോഗ്യ മന്ത്രിയുടെ അവകാശം. കേന്ദ്ര സ്കീമില്‍ നിന്ന് കേന്ദ്രം പിന്മാറിയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കേരളത്തെക്കാള്‍ ദുര്‍ബലരായ സംസ്ഥാനങ്ങളുടെ കാര്യം പറഞ്ഞു താരതമ്യപ്പെടുത്തിയാണ് മന്ത്രി എപ്പോഴും കണക്കുകള്‍ നിരത്താറ്. ഇതൊന്നും വില പോവില്ലെന്നും മാങ്കൂട്ടത്തില്‍ പരിഹസിച്ചു. ബക്കറ്റ് പിരിവെന്ന് ആശമാരെ അധിക്ഷേപിക്കുന്നവര്‍ കൊലയാളികള്‍ക്ക് വേണ്ടി പിരിവ് നടത്തിയവര്‍ ആണെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. സമരക്കാരോട് ഓഫീസ് ടൈമില്‍ വരാന്‍ പറഞ്ഞ മന്ത്രി ഉള്‍പ്പെടുന്നവര്‍ ഓഫീസ് ടൈമില്‍ വോട്ട് ചോദിച്ചാണോ ഈ സഭയില്‍ ജയിച്ചെത്തിയതെന്നും അധികനാള്‍ ഈ ഓഫീസില്‍ ഇരിക്കുമെന്ന് മന്ത്രി കരുതേണ്ട എന്നും അദ്ദേഹം പറഞ്ഞു.