ബിജെപിയുമായി സമാധാന ചര്‍ച്ചയ്ക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ . പാലക്കാട് സംഭവങ്ങളില്‍ ബിജെപിയുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. തലപോകേണ്ടി വന്നാലും വര്‍ഗീയതയോട് സമരസപ്പെടില്ല. തലവെട്ടുമെന്നു പറഞ്ഞവരുമായി അടച്ചിട്ട മുറിയില്‍ ചായയും ബിസ്‌കറ്റും കഴിക്കാനില്ല. ഇങ്ങനെയാണോ പൊലീസ് പ്രശ്‌നം പരിഹരിക്കേണ്ടത് ? കൂടുതല്‍ പ്രശ്‌നം ഉണ്ടാവാതിരിക്കാന്‍ നിയമം നടപ്പാക്കുകയാണ് പൊലീസ് ചെയ്യേണ്ടത്. അല്ലാതെ മദ്ധ്യസ്ഥപ്പണിയല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
പാലക്കാട്ട് ഭീഷണിപ്പെടുത്തിയ ബിജെപിക്കാരെ സംരക്ഷിക്കുകയാണോ പോലീസിന്റെ പണിയെന്ന് സംശയം തോന്നുന്ന നീക്കങ്ങളാണ് ഉണ്ടാകുന്നത്. നിരന്തരം പ്രകോപനങ്ങളുണ്ടാക്കുകയും വധഭീഷണി മുഴക്കുകയും ചെയ്യുന്ന ബിജെപിയുടെ നേതാക്കള്‍ക്കെതിരേ ഒരു നടപടിയും കൈക്കൊള്ളാന്‍ തയ്യാറാവാത്ത പോലീസ് അനുരഞ്ജന ചര്‍ച്ച നടത്താനാണ് ഒരുങ്ങുന്നത്. എന്നാല്‍ തലവെട്ടുമെന്നു പറഞ്ഞവരുമായി ചര്‍ച്ചക്കില്ലെന്നാണ് രാഹുല്‍ മാങ്കൂട്ടം എം എല്‍ എയുടെ നിലപാട്. ബിജെപിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നാണ് പൊലീസ് പറയുന്നതെന്നും അവര്‍ സ്വന്തം പണി ചെയ്യാന്‍ തയ്യാറായാല്‍ മതി, മധ്യസ്ഥ പണിയെടുക്കേണ്ടന്നും രാഹുല്‍ പറഞ്ഞു. കൂടുതല്‍ പ്രശ്നം ഇല്ലാതിരിക്കാന്‍ നിയമം പരിപാലിക്കുകയല്ലേ വേണ്ടതെന്നും രാഹുല്‍ ചോദിച്ചു.
‘ഒരു ജനപ്രതിനിധിയുടെ തലയെടുക്കുമെന്ന് പറഞ്ഞവര്‍ക്കൊപ്പമാണോ ചര്‍ച്ചയ്ക്ക് ഇരിക്കണ്ടത്. ഹെഡ്ഗേവാറിന്റെ പേരിടാനുള്ള നീക്കം രാഷ്ട്രീയമായും നിയമപരമായും നേരിടും. ഈ പദ്ധതിയോട് എതിരല്ല. പേരിനോടാണ് വിയോജിപ്പ്. തനിക്കെതിരായ ബിജെപിയുടെ കൊലവിളി പ്രസംഗത്തില്‍ പൊലീസ് കേസെടുക്കാത്തത് ഭയം കൊണ്ടായിരിക്കും’ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള നീക്കം വിവാദമാക്കിയ നടപടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനിടെയാണ് വീണ്ടും ഭീഷണി മുഴക്കിയത്.
നേരത്തെയും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിജെപി നേതാവ് ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ആര്‍ എസ് എസ് നേതാക്കളെ അവഹേളിച്ചാല്‍ എംഎല്‍എയെ പാലക്കാട് കാലുകുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു ബിജെപിയുടെ ഭീഷണി.
അതിനിടെ, പാലക്കാട് സംഘർഷത്തിൽ ബിജെപി-യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയ 16 പേർക്കെതിരെ കേസെടുത്തത്. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് പ്രശാന്ത് ശിവൻ എന്നിവർക്കെതിരെയാണ് കേസ്. ബിജെപി ഓഫീസിലേക്ക് മാർച്ച് നടത്തിയതിന് യൂത്ത് നേതാക്കൾക്കെതിരെയും പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ജയഘോഷ്, കണ്ടാലറിയുന്ന 19 പേർക്കെതിരെയുമാണ് കേസെടുത്തത്.