‘റഹീം സാറെ ചരിത്രമൊന്നും ഇങ്ങനെ മറക്കല്ലെ’ ; കെവി തോമസ് വിഷയത്തില്‍ എഎ റഹീമിന് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Jaihind Webdesk
Tuesday, April 12, 2022

കെവി തോമസ് സിപിഎം പാർട്ടി കോൺഗ്രസില്‍ പങ്കെടുത്തത് കൊണ്ട് കെപിസിസി അധ്യക്ഷനെ പരിഹസിച്ച എഎ റഹീമിനെ തിരിച്ചടിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ലീഡർ കെ കരുണാകരന്‍ നിർദ്ദേശിച്ച  സ്ഥാനം ഏറ്റെടുക്കരുതെന്ന് കെ ആർ ഗൗരിയമ്മയ്ക്ക്  ഇഎംഎസ് അടക്കം നല്‍കിയ വിലക്കിന് ആനപിണ്ടത്തിന്‍റെ വിലപോലും അവർ നല്‍കിയില്ലല്ലോ എന്നാണ് റഹീമിന് രാഹുല്‍ നല്‍കിയ മറുപടി.

പണ്ട് യുപിഎ സർക്കാരിന്‍റെ കാലത്ത്  സിപിഎം  അമേരിക്കയെ തോല്‍പ്പിക്കാനിറങ്ങിയപ്പോള്‍ സ്പീക്കറായിരുന്ന സിപിഎം നേതാവ്  സോമനാഥ് ചാറ്റർജിയോട് സർക്കാരിനോടുള്ള പിന്തുണ പിന്‍വലിക്കാന്‍ സാക്ഷാൽ പ്രകാശ് കാരാട്ടും, സീതാറാം യച്ചൂരിയും തൊട്ട്  പിണറായി വിജയന്‍ വരെ പറഞ്ഞിട്ടും  പോയി വേറെ പണി നോക്കാൻ പറഞ്ഞില്ലേയെന്നും രാഹുല്‍ റഹീമിനെ ഓർമ്മിപ്പിച്ചു.

പാർട്ടിക്കാർ വിലക്ക് ലംഘിച്ചാൽ നേതാക്കൾ പണി നിർത്തി പോകാനാണെങ്കിൽ, ഇഎംഎസ്  തൊട്ട് പിണറായി വരെ പല തവണ പണി നിർത്തി പോകണ്ടി വന്നേനെയെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

ശ്രീ AA റഹീം
“വിലക്ക് ലംഘിച്ച് KV തോമസ് സെമിനാറിൽ പങ്കെടുത്തത് കൊണ്ട് ശ്രീ സുധാകരൻ പണി നിർത്തി പൊയ്ക്കൂടെ” എന്ന താങ്കളുടെയൊരു പ്രസംഗം കേട്ടു.
പാർട്ടിക്കാർ വിലക്ക് ലംഘിച്ചാൽ നേതൃത്വം പണി നിർത്തി പൊയ്ക്കൂടെയെന്ന ചോദ്യമുന്നയിച്ച താങ്കളെ ചില ചരിത്രം ഓർമ്മിപ്പിക്കാം.
വർഷം 1994, ലീഡർ ശ്രീ. കെ കരുണാകരൻ നിർദ്ദേശിച്ച ആലപ്പുഴ വികസന സമിതി അധ്യക്ഷ സ്ഥാനം, കെ. ആർ ഗൗരിയമ്മ ഏറ്റെടുക്കരുത് എന്ന് സാക്ഷാൽ EMSഉം, VS അച്ചുതാനന്ദനും തൊട്ട് അന്നത്തെ ലോക്കൽ നേതാവായ പിണറായി വിജയൻ വരെ ഗൗരിയമ്മയ്ക്ക് താക്കീത് നല്കി. ആ വിലക്കിനൊക്കെ ‘ആനപ്പിണ്ടത്തിന്റെ’ വില പോലും നല്കാതെ ഗൗരിയമ്മ ആ സ്ഥാനം ഏറ്റെടുക്കുകയും, ലീഡർക്കൊപ്പം വേദി പങ്കിടുകയും ചെയ്തു. പിന്നീട് നടന്നത്രയും ചരിത്രം..
ഇനി മറ്റൊരു ഉദാഹരണം പറയാം. ഒന്നാം UPA സർക്കാരിന്റെ കാലത്ത് സ്പീക്കറായിരുന്നു CPlM നേതാവ് സോമനാഥ് ചാറ്റർജി. പെട്ടെന്ന് CPIM അമേരിക്കയെ ‘തോല്പ്പിക്കാനിറങ്ങി’. CPIM, UPA സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിട്ട്, സോമനാഥ് ചാറ്റർജിയോട് രാജി വെക്കാൻ പറഞ്ഞു. പറഞ്ഞത് ചില്ലറക്കാരല്ല സാക്ഷാൽ പ്രകാശ് കാരാട്ടും, സീതാറാം യച്ചൂരിയും തൊട്ട് പിന്നെയും നമ്മുടെ പിണറായി വരെ. പോയി വേറെ പണി നോക്കാൻ പറഞ്ഞു ചാറ്റർജി.
പാർട്ടിക്കാർ വിലക്ക് ലംഘിച്ചാൽ നേതാക്കൾ പണി നിർത്തി പോകാനാണെങ്കിൽ, EMS തൊട്ട് പിണറായി വരെ പല തവണ പണി നിർത്തി പോകണ്ടി വന്നേനേം.
അതുകൊണ്ട് റഹീം സാറെ, ചരിത്രമൊന്നും ഇങ്ങനെ മറക്കല്ലെ. മാത്രമല്ല ഈ പ്രായത്തിൽ മറവി അത്ര നല്ലതുമുല്ല… വലിയ ചന്ദനാതി എണ്ണ നല്ലതാ, ഓർമ്മശക്തി കൂടും നല്ല ഉന്മേഷവും കിട്ടും.