പോരാട്ടവീര്യവുമായി രാഹുല്‍ ജയിലിനു പുറത്ത്; വന്‍ സ്വീകരണവും മുദ്രാവാക്യങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ

Jaihind Webdesk
Wednesday, January 17, 2024

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ വേട്ടയാടലിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല് മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായി. വന്‍ സ്വീകരണമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ജയിലിന് മുന്നില്‍ ഒരുക്കിയത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി.വി ശ്രീനിവാസിന്‍റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ ജയില്‍ കവാടത്തിന് മുന്നില്‍ തടിച്ചുകൂടി. സെക്രട്ടേറിയേറ്റ് സംഘർഷമടക്കം എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് അദ്ദേഹം ജയില്‍ മോചിതനായത്. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട പ്രധാന കേസിലും ഡിജിപി  ഓഫീസ് മാർച്ചിലെടുത്ത കേസിലും കോടതി ജാമ്യം അനുവദിച്ചതോടെയാണ് രാഹുല്‍ ജയില്‍ മോചിതനാകുന്നത്. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ കഴിഞ്ഞ ദിവസം തന്നെ ജാമ്യം ലഭിച്ചിരുന്നു.

ജനുവരി 9 നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അടൂരിലെ വീട്ടില്‍ നിന്ന് പുലർച്ചെ വീടുവളഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തത്. നിയമങ്ങള്‍ പോലും കാറ്റില്‍ പറത്തി നടത്തിയ ആസൂത്രിത അറസ്റ്റിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.  രാഷ്ട്രീയ വേട്ടയാടലിന്‍റെ ഭാഗമായി കഴിഞ്ഞ 9 ദിവസമായി ജയിലില്‍ കഴിയേണ്ടിവന്ന രാഹുല്‍ വര്‍ധിത വീര്യത്തോടെയാണ് കർമ്മമേഖലയില്‍ സജീവമാകാനായി തിരികെ എത്തുന്നത്.