മൂന്നാമത്തെ ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ 14 ദിവസത്തേക്ക് റിമാൻഡിൽ

Jaihind News Bureau
Sunday, January 11, 2026

മൂന്നാമത്തെ ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്ന് പുലർച്ചെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് അതീവ രഹസ്യമായി നീങ്ങിയ പ്രത്യേക അന്വേഷണസംഘം രാഹുലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഈ നടപടിയെന്നാണ് ലഭിക്കുന്ന വിവരം. വൈദ്യപരിശോധനയ്ക്ക് ശേഷം ഉച്ചയോടെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ രാഹുലിനെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

വിദേശത്ത് താമസിക്കുന്ന മലയാളി യുവതിയാണ് എം.എൽ.എയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ബലാത്സംഗം, ശാരീരിക-മാനസിക പീഡനം എന്നിവയ്ക്ക് പുറമെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു എന്നതടക്കമുള്ള അതീവ ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്. 2024 ഏപ്രിൽ 24-ന് പത്തനംതിട്ടയിലെ ഹോട്ടലിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്തതായി യുവതി മൊഴി നൽകിയിട്ടുണ്ട്. എ.ഐ.ജി ജി. പൂങ്കുഴലിക്ക് വീഡിയോ കോൺഫറൻസിങ് വഴിയാണ് പരാതിക്കാരി തന്റെ മൊഴി രേഖപ്പെടുത്തിയത്.

ബലാത്സംഗം, ഗർഭഛിദ്രം എന്നിവയുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകൾ യുവതി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. രാഹുലിനെതിരെ ഉയരുന്ന മൂന്നാമത്തെ ബലാത്സംഗ പരാതിയാണിതെന്നത് കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. പുലർച്ചെ നാടകീയമായി നടന്ന അറസ്റ്റിന് പിന്നാലെ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടികളുമായി മുന്നോട്ട് പോകുന്നത്.