തിരുവനന്തപുരം: പോരാട്ടം ഇനിയും തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. ജീവപര്യന്തമൊരുക്കിയാലും ഫാസിസ്റ്റ് സര്‍ക്കാരിനെതിരായ പോരാട്ടം തുടരുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. ഇരുമ്പഴിക്കുള്ളിലായാലും ജനത്തിനായുള്ള പോരാട്ടത്തില്‍ ഒരടിപോലും പിന്നോട്ടുപോകില്ലെന്ന് അദ്ദേഹം പറഞ്ഞു. കിരീടം താഴെവയ്ക്കുക ജനങ്ങള്‍ പിന്നാലെയുണ്ടെന്ന് രാജാവ് ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിണറായി സർക്കാരിന്റെ വേട്ടയാടലിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട് ജയില്‍ മോചിതനായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വന്‍ സ്വീകരണമായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ജയിലിന് മുന്നില്‍ ഒരുക്കിയത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി.വി ശ്രീനിവാസിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ ജയില്‍ കവാടത്തിന് മുന്നില്‍ തടിച്ചുകൂടി. സെക്രട്ടേറിയേറ്റ് സംഘർഷമടക്കം എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് അദ്ദേഹം ജയില്‍ മോചിതനായത്. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട പ്രധാന കേസിലും ഡിജിപി ഓഫീസ് മാർച്ചിലെടുത്ത കേസിലും കോടതി ജാമ്യം അനുവദിച്ചതോടെയാണ് രാഹുല്‍ ജയില്‍ മോചിതനാകുന്നത്. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ കഴിഞ്ഞ ദിവസം തന്നെ ജാമ്യം ലഭിച്ചിരുന്നു.