രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍; വന്‍ സ്വീകരണമൊരുക്കാന്‍ യുഡിഎഫ്

Jaihind Webdesk
Wednesday, June 12, 2024

 

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ മികച്ച വിജയം നൽകിയ വയനാട്ടിലെ പ്രിയപ്പെട്ട വോട്ടർമാരെ നേരിൽ കാണാൻ വേണ്ടിയെത്തുന്ന രാഹുൽ ഗാന്ധിയ്ക്ക് മലപ്പുറം എടവണ്ണയിലും – വയനാട് കൽപ്പറ്റയിലും ഗംഭീര റോഡ് ഷോയും, സ്വീകരണവുമാണ് യുഡിഎഫ് ഒരുക്കിയിട്ടുള്ളത്.  രാവിലെ മലപ്പുറം ജില്ലയിലെ എടവണ്ണയില്‍ യുഡിഎഫ് നല്‍കുന്ന സ്വീകരണ യോഗത്തില്‍ പങ്കെടുത്ത ശേഷം ഉച്ചയ്ക്ക് രണ്ടരയോടെയാണ് രാഹുല്‍ ഗാന്ധി കല്‍പ്പറ്റയില്‍ എത്തുക.  വയനാട് കല്‍പ്പറ്റ പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് ആയിരക്കണക്കിന് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് കൊണ്ട് യുഡിഎഫ് രാഹുല്‍ ഗാന്ധിക്ക് സ്വീകരണം നല്‍കും.

വയനാടിനെ വളരെയേറെ സ്നേഹിക്കുകയും, ഹൃദയത്തില്‍ ചേര്‍ത്ത് നിര്‍ത്തുകയും ചെയ്ത രാഹുലിനെ വലിയ ഭൂരിപക്ഷം നല്‍കിയാണ് വയനാട്ടുകാര്‍ ഇത്തവണയും തിരഞ്ഞെടുത്തത്. വായനാട്ടുകാര്‍ തനിക്ക് നല്‍കിയ സ്നേഹത്തിന് നന്ദി പറയാനാണ് രാഹുല്‍ ഗാന്ധി എത്തുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം പ്രിയങ്കാ ഗാന്ധി, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലികുട്ടി എംഎല്‍എ, കോണ്‍ഗ്രസിന്‍റെയും മുസ്‌ലിം ലീഗിന്‍റെയും മറ്റു ഘടക കക്ഷികളുടെ ദേശീയ സംസ്ഥാന നേതാക്കളും സ്വീകരണ യോഗത്തില്‍ പങ്കെടുക്കും.