തിരുവനന്തപുരം : വയനാടിന്‍റെ വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ പരിചയപ്പെടുത്തുന്ന കലണ്ടര്‍ ജില്ലയ്ക്ക് സമ്മാനിച്ച് രാഹുല്‍ ഗാന്ധി. വയനാടിന്‍റെ ഭംഗിയും അവിടുത്തെ തെരഞ്ഞെടുത്ത 12 വ്യക്തികളുമാണ് കലണ്ടറിലുള്ളത്. ജനുവരി മുതൽ ഡിസംബർ വരെയുള്ള 12 മാസങ്ങളില്‍ 12 വ്യക്തികളും 12 സ്ഥലങ്ങളും ഉള്‍പ്പെടുന്നു.
പ്രകൃതി അനുഗ്രഹിച്ച ഈ സ്ഥലങ്ങളെ സഞ്ചാരഭൂപടത്തിലേക്ക് വരച്ചിടുക എന്ന ആശയമാണ് രാഹുൽ ഗാന്ധി മുന്നോട്ടുവെക്കുന്നത്. തന്‍റെ നിർദേശപ്രകാരം വയനാട്ടിലെ പ്രവർത്തകരാണ് വ്യക്തികളുടെയും സ്ഥലങ്ങളുടെയും പട്ടിക തയാറാക്കി അദ്ദേഹത്തിന് കൈമാറിയത്. ഇതിൽ നിന്നും തെരഞ്ഞെടുത്ത 12 മനുഷ്യരും സ്ഥലങ്ങളും ഓരോ മാസത്തിലും നിറയുന്നു.
വ്യക്തികളും സ്ഥലങ്ങളും
ജനുവരി
മുഖചിത്രം: ചെറുവയലിലെ നെൽവയൽ
വ്യക്തി: കുംഭാമ
വെള്ളമുണ്ടയിലെ കുറിച്യ ഗോത്രത്തിൽ ജനിച്ച കുംഭാമയാണ് ഈ ജനുവരി മാസത്തിലെ മനുഷ്യമുഖം. ജൈവകർഷകർക്കിടയിലെ പോരാളിയായ കുഭാമ മൂന്നാം വയസിൽ അരയ്ക്ക് താഴെ തളർന്നുപോയ വ്യക്തിയാണ്. പക്ഷേ മണ്ണിനോടും ജീവിതത്തോടും മല്ലിട്ട് കുംഭാമ വയനാടിന്റെ പോരാട്ടവീര്യത്തിന് മാനം നൽകുന്നു. ഇന്ന് ഒരു അർബുദരോഗി കൂടിയാണ് ഈ എഴുപതുകാരി. കുംഭാമയാണ് നമ്മുടെ വയനാട് എന്ന് രാഹുലിന്‍റെ കലണ്ടറിലെ ആദ്യ മുഖം.
ഫെബ്രുവരി
മുഖചിത്രം: കേരളംകുണ്ട് വെള്ളച്ചാട്ടം,
വ്യക്തി: മുഹമ്മദ് ആഷിഖ്
ജൻമനാ കാഴ്ചപരിമിതിയുള്ള ഇദ്ദേഹം. സ്പെഷ്യൽ സ്കൂൾ കലോൽസവത്തിലെ സൂപ്പർ താരമാണ്. മാപ്പിളപ്പാട്ട്, ലളിതഗാനം, പദ്യപാരായണം എന്നീ മൽസരങ്ങളിലെ സ്ഥിരം വിജയി.
മാർച്ച്
മുഖചിത്രം: മുത്തങ്ങ വന്യജീവി സങ്കേതം
വ്യക്തി: മേരി മാത്യൂ, മാത്യൂ എൻ.വി.
90 വയസ് പിന്നിട്ടു ഇവരുവർക്കും . പക്ഷേ മണ്ണിൽ ഇപ്പോഴും പണിയെടുത്ത് ജീവിതം. ദിവസവും മണിക്കൂറുകൾ കൃഷിയിടത്ത് ചെലവഴിക്കും. പുൽപ്പള്ളിയിലെ കൃഷിയിടത്ത് പൊന്നു വിളയിക്കുന്ന കർഷകർ.
ഏപ്രിൽ
മുഖചിത്രം: കനോലി തേക്ക് മ്യൂസിയം
വ്യക്തി: സി. വിനോദ്.
ചോലനായ്ക്ക ആദിവാസി വിഭാഗത്തിലെ ആദ്യ ബിരുദധാരിയും ഗവേഷകനും. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ വിദ്യാർഥി കൂടിയാണ് വിനോദ്.
മെയ്
മുഖചിത്രം: താമരശേരി ചുരം
വ്യക്തി: ജിംന എബ്രഹാം.
അന്തർദേശീയ വോളിബോൾ താരം. തായ്ലാൻഡിൽ നടന്ന അണ്ടർ 17 വോളിബോൾ മൽസരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ജൂനിയർ സൗത്ത് ഏഷ്യൻ ചാംപ്യൻഷിപ്പിൽ റെക്കോർഡുകൾ തകർത്ത പ്രകടനത്തിനൊപ്പം ജിംനയും സംഘവും നേടിയത് വെള്ളി മെഡൽ.
ജൂൺ
മുഖചിത്രം: ബാണാസുര സാഗർ ഡാം
വ്യക്തി: വിശാഖ് എം.എം.
കാൽപ്പന്തുകളിയിലെ യുവതാരം. വിശാഖ് ക്യാപ്റ്റനായിരുന്ന കേരള ടീം ദേശീയ സ്കൂൾ ഗെയിം ഫുട്ബോൾ ചാംപ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടി.
ജൂലൈ
മുഖചിത്രം: ചാലിയാർ പുഴ
വ്യക്തി: നിയാസ് ചോല.
അധ്യാപനം പാട്ടുപോലെ മനോഹരമാക്കുന്ന വ്യക്തി. ബുദ്ധിമുട്ടുള്ള വിഷയങ്ങൾ രസകരമായി പാട്ടിലൂടെ വിദ്യാർഥികൾക്ക് മനസിലാക്കി കൊടുക്കുന്ന അധ്യാപകൻ. മികച്ച അധ്യാപകനുള്ള ദേശീയ–സംസ്ഥാന പുരസ്കാരങ്ങൾ നേടി.
ആഗസ്റ്റ്
മുഖചിത്രം: ചെമ്പ്ര മല
വ്യക്തി: എം.കെ വിഷ്ണു.
പണിയ ആദിവാസി വിഭാഗംഗമായ വിഷ്ണു കേരള സ്കൂൾ കായിക മേളയിൽ രണ്ട് സ്വർണവും ഒരു വെള്ളിയും നേടി.
സെപ്തംബർ
മുഖചിത്രം: പഴശിരാജ സ്മാരകം
വ്യക്തി: റ്റെലൻ സജി.
സ്വയം വികസിപ്പിച്ചെടുത്ത യന്ത്രങ്ങൾ കൊണ്ട് അമ്പരപ്പിക്കുന്ന ഏഴാം ക്ലാസുകാരൻ. കോവിഡ് കാലത്ത് സാനിറ്റൈസർ വെൻഡിങ് മെഷീൻ ഉണ്ടാക്കി വൈറലായി. മെഷീനിൽ തൊടാതെ തന്നെ സാനിറ്റൈസർ കയ്യിലെത്തും. ഒപ്പം കോഴിമുട്ട കൃത്രിമമായി വിരിയിക്കുന്ന ഇൻക്യുബേറ്റർ നിർമിച്ചു.
ഒക്ടോബർ
മുഖചിത്രം: വെള്ളരിമല
വ്യക്തി: ഫർസാന റഫീഖ്. കെ.
ഇന്ത്യൻ വ്യോമസേനയുടെ ആഗ്രയിൽ നടന്ന പാരാജംപിങ് ക്യംപിൽ കേരളത്തിൽ നിന്നും പങ്കെടുത്ത ഏക പെൺകുട്ടി. 12,250 അടി മുകളിൽ നിന്നും താഴേക്ക് ചാടിയത് മൂന്നുതവണ. എൻസിസി അംഗം.
നവംബർ
മുഖചിത്രം: ഫാന്റം പാറ
വ്യക്തി: എം. ദിലീപ്.
ചിത്രകലയിൽ ഗിന്നസ് റെക്കോർഡ് അടക്കം നേടിയ പ്രതിഭ. കാർട്ടൂണിസ്റ്റും, കാരിക്കേച്ചറിസ്റ്റും.
ഡിസംബർ
മുഖചിത്രം: കൊറ്റില്ലം
വ്യക്തി: നിഷ പി.എസ്.
കൽപ്പറ്റ സ്വദേശിയായ കവയിത്രി. 2013ൽ ട്യൂമർ ബാധിച്ച കാഴ്ച നഷ്ടമായി. എന്നിട്ടും ഏഴു കവിതാ സമാഹാരങ്ങൾ പുറത്തിറക്കി.
ഇങ്ങനെ 12 വ്യക്തികളും 12 സ്ഥലങ്ങളും രാഹുലിന്‍റെ നമ്മുടെ വയനാട് കലണ്ടറിൽ നിറയുന്നു. ഇംഗ്ലീഷിലും മലയാളത്തിലും പ്രിൻറ്റ് ചെയ്യുന്ന കലണ്ടർ വയനാട് മണ്ഡലത്തിൽ വിതരണം ചെയ്തു തുടങ്ങി. കോവിഡ് സമയത്ത് സ്വന്തം മണ്ഡലങ്ങളിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ രാജ്യത്തെ എം.പിമാരുടെ പട്ടികയിൽ രാഹുൽ ഗാന്ധി മൂന്നാം സ്ഥാനത്ത് വന്നിരുന്നു.