ന്യൂഡല്‍ഹി: വോട്ടു കൊള്ളക്കെതിരായ പോരാട്ടമെന്ന ലക്ഷ്യത്തോടെ രാഹുല്‍ ഗാന്ധി നയിക്കുന്ന ‘വോട്ടര്‍ അധികാര്‍ യാത്ര’ ഏഴാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കതിഹാര്‍ കോര്‍ഹയില്‍ നിന്ന് പൂര്‍ണിയയിലെ കദ്വയിലേക്കാണ് യാത്ര. യാത്രയുടെ ഭാഗമായി ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാരും മറ്റ് പ്രമുഖ നേതാക്കളും അണിനിരന്ന് പോരാട്ടം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
യാത്രയുടെ പ്രധാന ദിവസങ്ങളില്‍ പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. ഓഗസ്റ്റ് 26, 27 തീയതികളിലാണ് പ്രിയങ്ക യാത്രയുടെ ഭാഗമാകുന്നത്. കൂടാതെ, മറ്റ് നേതാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 27 ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, ഓഗസ്റ്റ് 29 ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഓഗസ്റ്റ് 30 ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് തുടങ്ങിയവര്‍ യാത്രയില്‍ അണിനിരക്കും.
ഹേമന്ത് സോറന്, രേവന്ത് റെഡി, സുഖ്വിന്ദര് സുഖു തുടങ്ങിയ നേതാക്കളും യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. വോട്ടര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള യാത്രയ്ക്ക് വന്‍ ജന പിന്തുണയാണ് ലഭിക്കുന്നത്.