പൂഞ്ച് (ജമ്മു കശ്മീര്‍): പാക് സൈന്യം നടത്തിയ അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണത്തില്‍ ഇരകളായവരെ സന്ദര്‍ശിക്കാന്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെത്തി. വിനോദസഞ്ചാരികളടക്കം 26 പേരുടെ മരണത്തിനിടയാക്കിയ ഏപ്രില്‍ 22 ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് അദ്ദേഹം കേന്ദ്രഭരണ പ്രദേശം സന്ദര്‍ശിക്കുന്നത്. ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ കാണാന്‍ ഏപ്രില്‍ 25 ന് രാഹുല്‍ ഗാന്ധി ശ്രീനഗര്‍ സന്ദര്‍ശിച്ചിരുന്നു. അന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍, മുഖ്യമന്ത്രി, മറ്റ് പ്രധാന വ്യക്തികള്‍ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ശനിയാഴ്ച രാവിലെ ജമ്മു വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധി,അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണം ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ദുരിതബാധിതരായ കുടുംബങ്ങളെ കാണുന്നതിനുമായി ഹെലികോപ്റ്ററിലാണ് പൂഞ്ചില്‍ എത്തിയത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7 ന് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ ‘ഓപ്പറേഷന് സിന്ദൂര്‍’ എന്ന പേരില്‍ കൃത്യമായ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പൂഞ്ച് മേഖലയില്‍ ഷെല്ലാക്രമണവും മോര്‍ട്ടാര്‍ ആക്രമണവും രൂക്ഷമായത്. മെയ് 7 നും 10 നും ഇടയില്‍ പാകിസ്ഥാന് നടത്തിയ പീരങ്കി ഷെല്ലാക്രമണം, മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ എന്നിവയില്‍ ജമ്മു കശ്മീരിലുടനീളം 28 പേര് കൊല്ലപ്പെട്ടു. ഇതില്‍ 13 പേര് പൂഞ്ച് ജില്ലയില്‍ മാത്രമാണ്. 70-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പാക് ഷെല്ലാക്രമണത്തില്‍ ഇരകളായവരെ സന്ദര്‍ശിക്കാന്‍ പൂഞ്ചിലെത്തിയ രാഹുല്‍ ഗാന്ധി, ജാമിഅ സിയാ-ഉല്-ഉലൂം മദ്രസയും സന്ദര്‍ശിച്ചു. അവിടെ ഷെല്ലാക്രമണത്തില്‍ ദുരിതത്തിലായ വിദ്യാര്‍ത്ഥികളെയും 20 വര്‍ഷമായി അവിടെ അദ്ധ്യാപകനായിരുന്ന മൗലാനാ ഖാരി മുഹമ്മദ് ഇഖ്ബാലിന്റെ കുടുംബാംഗങ്ങളെയും അദ്ദേഹം കണ്ടു. ദാരുണമായി കൊല്ലപ്പെട്ട മൗലാനയെ ചില മാധ്യമങ്ങള്‍ ഭീകരനായി ചിത്രീകരിച്ചിരുന്നു. എന്നാല്‍, പ്രാദേശിക പോലീസിന്റെയും സമുദായത്തിന്റെയും ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ഈ വാര്‍ത്താ ചാനലുകള്‍ക്ക് ഖേദം പ്രകടിപ്പിക്കേണ്ടി വന്നു.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതിന്റെയും നഷ്ടത്തിന്റെയും പശ്ചാത്തലത്തില്‍ ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും നീതിയും പിന്തുണയും ഉറപ്പുനല്‍കുകയും ചെയ്തു. ഷെല്ലാക്രമണത്തില്‍ തകര്‍ന്ന മറ്റ് മതസ്ഥാപനങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു, ജനങ്ങളുടെ വേദനയില്‍ പങ്കുചേര്‍ന്നു.
ഷെല്ലാക്രമണത്തില്‍ തകര്‍ന്ന ഗുരുദ്വാര, ക്ഷേത്രം, മദ്രസ, ക്രിസ്ത്യന്‍ മിഷനറി സ്കൂള്‍ എന്നിവയുള്‍പ്പെടെ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. കൂടാതെ, ദുരിതബാധിതരായ കുടുംബങ്ങളെയും സ്ഥലത്തെ പ്രമുഖരേയും അദ്ദേഹം കാണും എന്ന് കോണ്‍ഗ്രസിന്റെ ജമ്മു കശ്മീര്‍ യൂണിറ്റ് പ്രസിഡന്റ് താരിഖ് ഹമീദ് കാറ പറഞ്ഞു