രാഹുല്‍ഗാന്ധിയുടെ ദ്വിദിന റായ്ബറേലി സന്ദര്‍ശനം തുടങ്ങി ; നേതാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു, ചിത്രങ്ങള്‍…

Jaihind News Bureau
Tuesday, April 29, 2025

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി തന്റെ ലോക്സഭാ മണ്ഡലമായ റായ്ബറേലിയില്‍ എത്തി. രാവിലെ ലഖ്നൗ വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധിക്ക് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്, അമേഠി എംപി കിഷോരി ലാല്‍ ശര്‍മ്മ തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഉജ്ജ്വല സ്വീകരണം നല്‍കി. തുടര്‍ന്ന് അദ്ദേഹം റോഡ് മാര്‍ഗം റായ്ബറേലിയിലേക്ക് തിരിച്ചു.

റായ്ബറേലിയില്‍ വിസാക ഇന്‍ഡസ്ട്രീസിലെ 2 മെഗാവാട്ട് സൗരോര്‍ജ്ജ റൂഫ് പ്ലാന്റും ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെച്ച് ഒരു എന്‍ജിഒ സംഭാവന ചെയ്ത സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന പന്ത്രണ്ടോളം ഉന്തുവണ്ടികള്‍ അദ്ദേഹം പാവപ്പെട്ട കച്ചവടക്കാര്‍ക്ക് കൈമാറുകയും ചെയ്തു.

റായ്ബറേലിയിലെ സിവില്‍ ലൈനില്‍ സ്വാതന്ത്ര്യ സമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്യുകയും പുഷ്പചക്രം അര്‍പ്പിക്കുകയും ചെയ്തു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെ അദ്ദേഹം അമേഠിയിലും എത്തുന്നുണ്ട്

യുപിയിലെ ബസ്തിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘സംവിധാന്‍ ബച്ചാവോ’ (ഭരണഘടന സംരക്ഷിക്കുക) റാലിക്ക് ദിവസങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിയുടെ ഈ സന്ദര്‍ശനം. കേന്ദ്രത്തിലെയും ഉത്തര്‍പ്രദേശിലെയും ബിജെപി സര്‍ക്കാരുകള്‍ക്ക് കീഴില്‍ ഭരണഘടന ഭീഷണിയിലാണെന്ന് റാലിയില്‍ പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചിരുന്നു.