‘ഭരണ സംവിധാനം പരാജയം, ജനങ്ങളുടെ ജീവനാണ് പ്രധാനം, മുന്നിട്ടിറങ്ങണം’ : കോണ്‍ഗ്രസ് പ്രവർത്തകരോട് രാഹുല്‍ ഗാന്ധി

Jaihind Webdesk
Sunday, April 25, 2021

കൊവിഡ് രാജ്യത്ത് നാശം വിതച്ച് മുന്നേറുമ്പോഴും ലാഘവബുദ്ധിയോടെ സമീപിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. ഭരണസംവിധാനം പരാജയമായ അവസ്ഥയില്‍ രാജ്യത്തെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് കോണ്‍ഗ്രസ് പ്രവർത്തകരോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

‘ഭരണ സംവിധാനം പരാജയപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ ജീവന് പ്രാധാന്യം നല്‍കേണ്ട സമയമാണിത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഉത്തരവാദിത്വബോധമുള്ള പൌരന്മാരെയാണാവശ്യം. മറ്റെല്ലാ പ്രവർത്തനങ്ങളും മാറ്റിവെച്ച് കൊവിഡില്‍ ദുരിതം അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ കോണ്‍ഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങണം’ – രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.

 

ജാന്‍ കി ബാത്ത് (ജീവന്‍റെ കാര്യം) എന്ന പ്രയോഗത്തിലൂടെ പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്തിനെയാണ് രാഹുല്‍ ഗാന്ധി വിമർശിച്ചത്. ജനങ്ങള്‍ പ്രാണവായുവിനായി കേഴുമ്പോഴും വാചകക്കസർത്ത് മാത്രം നടത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന വിമർശനം ശക്തമാണ്.