രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി: ഹരിയാനയിൽ രണ്ടാം ദിന പര്യടനം  ഇന്ന് ; പിന്തുണയുമായി വന്‍ജനക്കൂട്ടം

Jaihind News Bureau
Wednesday, October 7, 2020

 

ന്യൂഡല്‍ഹി: കാർഷിക നിയമങ്ങൾക്കെതിരായ രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലിയുടെ രണ്ടാം ദിന പര്യടനം  ഇന്ന് ഹരിയാനയിൽ നടക്കും. കേന്ദ്ര സർക്കാരിനും നരേന്ദ്ര മോദിക്കും എതിരെ രൂക്ഷവിമർശനമാണ് ഓരോ സ്വീകരണ സ്ഥലങ്ങളിലും രാഹുൽ ഗാന്ധി നടത്തുന്നത്. ഇന്നലെ നടന്ന റാലിക്ക്  ഹരിയാനയിൽ വൻ ജനപിന്തുണ ലഭിച്ചു. പിസിസി അധ്യക്ഷ കുമാരി ഷെൽജ, പാർലമെന്‍ററി നേതാവ് ഭൂപീന്ദർ സിങ് ഹൂഡ ഉൾപ്പെടെയുള്ള നേതാക്കൾ റാലിയെ അനുഗമിക്കുന്നുണ്ട്. ഇന്നലെ പഞ്ചാബിൽ നിന്നും ഹരിയാനയിൽ എത്തിയ റാലിയെ പൊലീസ് തടഞ്ഞു.

പഞ്ചാബില്‍ നിന്ന് ആരംഭിച്ച റാലി ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞെങ്കിലും രാഹുല്‍ ഗാന്ധി പിന്‍മാറാന്‍ തയ്യാറാവത്തതിനെ തുടര്‍ന്ന് ഹരിയാന സര്‍ക്കാര്‍ റാലിക്ക് അനുമതി നല്‍കുകയായിരുന്നു. 5000 മണിക്കൂര്‍ വേണമെങ്കിലും കാത്തിരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി ആയിരക്കണക്കിന് കര്‍ഷകര്‍ക്കൊപ്പം ഹരിയാന അതിര്‍ത്തിയില്‍ കാത്തിരുന്നു.

അവര്‍ ഞങ്ങളെ ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞിരിക്കുന്നു. അതിര്‍ത്തി തുറക്കുന്നത് വരെ ഞാന്‍ ഇവിടെ കാത്തിരിക്കും. അത് രണ്ട് മണിക്കൂറോ, ആറ് മണിക്കൂറോ, 10 മണിക്കൂറോ, 24 മണിക്കൂറോ, 100 മണിക്കൂറോ, 200 മണിക്കൂറോ, 500 മണിക്കൂറോ, 5000 മണിക്കൂറോ ആവട്ടെ…ഞാന്‍ കാത്തിരിക്കും. അവര്‍ അതിര്‍ത്തി തുറന്നാല്‍ സമാധാനപരമായി ഞാന്‍ യാത്ര തുടരും. അല്ലെങ്കില്‍ സമാധാനപരമായി ഇവിടെ കാത്തിരിക്കും-രാഹുല്‍ ഗാന്ധി പറഞ്ഞു.

കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കര്‍ഷകരെ വഞ്ചിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാരെന്ന് പഞ്ചാബിലെ രണ്ടാം ദിന റാലിക്കിടെ രാഹുല്‍ ഗാന്ധി പറഞ്ഞു. കൊവിഡ് കാലത്ത് കർഷകർ പ്രതിഷേധിക്കില്ലെന്നു കണക്കൂകൂട്ടിയാണ് കർഷക ബില്ലുകൾ സർക്കാർ തിരക്കിട്ടു പാസാക്കിയത്. പൊതുവിതരണ സംവിധാനം, താങ്ങുവില എന്നിവയിലെ പോരായ്മകൾ പരിഹരിക്കുന്നതിനു പകരം അന്യായമായ ബില്ലുകളിലൂടെ കർഷകരെ ഇല്ലായ്മ ചെയ്യാനാണു സർക്കാർ ശ്രമിക്കുന്നത്. അംബാനിയുടെയും അദാനിയുടെയും സർക്കാരാണിതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഇന്നു ഹരിയാനയിലൂടെ നീങ്ങുന്ന റാലി 8നു ഡൽഹിയിലെത്തും.