അഞ്ച് ദിവസം, 54 മണിക്കൂറുകള്‍… അചഞ്ചലനായി രാഹുല്‍! ഇഡി ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തിയ ക്ഷമാശക്തിയുടെ കാരണം പറഞ്ഞ് നേതാവ്

Jaihind Webdesk
Wednesday, June 22, 2022

 

ന്യൂഡല്‍ഹി: അഞ്ച് ദിവസം. 54 മണിക്കൂറുകള്‍. ആരുടെയാണെങ്കിലും ക്ഷമ പരീക്ഷിക്കപ്പെടുന്ന ഇഡിയുടെ ചോദ്യം ചെയ്യലിനെ നേരിട്ടതെങ്ങനെയെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി. ഒറ്റയ്ക്കായിരുന്നില്ല, എല്ലാ കോണ്‍ഗ്രസ് പ്രവർത്തകരും  മോദി സർക്കാരിനെതിരെ പോരാടുന്നവരും തനിക്കൊപ്പം ഉണ്ടായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍ നേരിടുന്നത് ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ലെന്നും തന്നെ ഭയപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.  ചോദ്യം ചെയ്യാനെത്തിയ ഇഡി ഉദ്യോഗസ്ഥരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ ക്ഷമ.

”ഇ.ഡിയുടെ ചോദ്യംചെയ്യല്‍ ബുദ്ധിമുട്ടുള്ളതായിരുന്നില്ല. രാഹുല്‍ വ്യക്തമാക്കി. നിങ്ങള്‍ വിചാരിക്കും, ഇ.ഡിയുടെ ദീര്‍ഘനേര ചോദ്യംചെയ്യലിനോട് പിടിച്ചുനില്‍ക്കാന്‍ ഞാന്‍ ബുദ്ധിമുട്ടിയെന്ന്. എന്നാല്‍ അതൊട്ടും ബുദ്ധിമുട്ടേറിയ കാര്യമായിരുന്നില്ല. കാരണം ആ കസേരയില്‍ ഞാനൊറ്റയ്ക്കായിരുന്നില്ല. ആ മുറിയില്‍ കോണ്‍ഗ്രസിന്‍റെ എല്ലാ പ്രവര്‍ത്തകരും നേതാക്കളും ഈ സര്‍ക്കാരിനെതിരേ ഭയരഹിതരായി പൊരുതുന്നവരും ജനാധിപത്യത്തിനു വേണ്ടി പോരാടുന്നവരുമുണ്ടായിരുന്നു” – രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രതികാര രാഷ്ട്രീയത്തിന്‍റെ ഭാഗമായി ബിജെപി ഉയർത്തിക്കൊണ്ടുവന്ന നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളക്കേസില്‍ അഞ്ചുദിവസങ്ങളിലായി 54  മണിക്കൂറാണ് രാഹുലിനെ ഇഡി ചോദ്യം ചെയ്തത്. ഒരു ചെറിയ ഇരുട്ടുമുറിയിലാണ് തന്നെ ചോദ്യംചെയ്യലിനായി ഇരുത്തിയതെന്നും മൂന്ന് ഓഫീസര്‍മാരാണ് ചോദ്യം ചെയ്തതെന്നും രാഹുല്‍ പറഞ്ഞു. നിര്‍ദേശങ്ങള്‍ക്കായി ഓഫീസര്‍മാര്‍ ഇടയ്ക്കു പുറത്തുപോകുമായിരുന്നു. എന്നാല്‍ താന്‍ മണിക്കൂറുകളോളം കസേരയിലിരുന്ന് അവരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ക്ഷമയോടെ മറുപടി നല്‍കി. അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഇഡി ഉദ്യോഗസ്ഥരും രാഹുല്‍ ഗാന്ധിയുടെ ക്ഷമയെ അഭിനന്ദിച്ചു. എഐസിസി ആസ്ഥാനത്ത് പ്രവർത്തകരുമായി സംവദിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.