കോഴിക്കോട്: കോടഞ്ചേരി ടൗണിൽ വൻ ദുരന്തം ഒഴിവാക്കിയ ഷാജി വർഗീസിന് രാഹുൽ ഗാന്ധി എംപിയുടെ അഭിനന്ദനം. ടൗണില്‍ വൈക്കോലുമായി എത്തിയ ലോറി വൈദ്യുതി ലൈനില്‍ തട്ടി വൈക്കോല്‍ കെട്ടുകള്‍ക്ക് തീപിടിച്ചപ്പോള്‍ സ്വന്തം ജീവന്‍ പണയം വച്ച് അതിസാഹസികമായാണ് ഷാജി പാപ്പന്‍ എന്ന് വിളിക്കുന്ന ഷാജി വര്‍ഗീസ് വന്‍ ദുരന്തം ഒഴിവാക്കിയത്. തീപിടിച്ച ലോറി സമീപത്തെ സ്കൂള്‍ ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റി വണ്ടി ഉലച്ച് വശങ്ങളിലേക്ക് വെട്ടിച്ച് ഓടിച്ച് കത്തിക്കൊണ്ടിരുന്ന വൈക്കോല്‍ കെട്ടുകള്‍ താഴേക്ക് വീഴ്ത്തിയാണ് ഷാജി വന്‍ദുരന്തം ഒഴിവാക്കി നാടിന്‍റെ രക്ഷകനായത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് വയനാട്ടിൽ നിന്ന് നിറയെ വൈക്കോലുമായി വന്ന ലോറിക്ക് കോടഞ്ചേരി ടൗണിന് അടുത്ത് എത്തിയപ്പോൾ തീപിടിച്ചത്. പരിഭ്രാന്തനായ ഡ്രൈവർ കോടഞ്ചേരി ടൗണിൽ വണ്ടിനിർത്തി. ഇതോടെ ഷാജി വർഗീസ് ലോറിയിൽ പാഞ്ഞുകയറുകയും വാഹനം തൊട്ടടുത്ത സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്‍റെ ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റുകയും ചെയ്തു. ഗ്രൗണ്ടിൽ ലോറി ചുറ്റിക്കറക്കിയതോടെ തീപിടിച്ച കെട്ടുകളെല്ലാം ഗ്രൗണ്ടിൽ വീഴ്ത്തി വൻ അപകടം ഒഴിവാക്കാൻ ഷാജിക്ക് കഴിഞ്ഞു.
”വൻ ദുരന്തം ഒഴിവക്കിയ നിങ്ങളുടെ മനസാന്നിധ്യം പ്രശംസ അർഹിക്കുന്നു. നിങ്ങളുടെ ധീരതയെയും ദീർഘവീക്ഷണത്തെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. ഇത്തരം നിസ്വാർത്ഥ പ്രവൃത്തികളാണ് നമ്മെ ഒരു സമൂഹമെന്ന നിലയിൽ ഒന്നിപ്പിക്കുന്നത്. ഈ ഇടപെടലിലൂടെ പ്രതിസന്ധി ഘട്ടങ്ങളിൽ മുന്നേറാൻ നിങ്ങൾ പലര്‍ക്കും പ്രചോദനമായി. ദൈനംദിന കാരുണ്യ പ്രവൃത്തികളിലൂടെ ഇനിയും പ്രവർത്തിക്കാൻ കഴിയട്ടേ . താങ്കളുടെ ഭാവി ഉദ്യമങ്ങളിൽ വിജയിക്കാൻ കഴിയട്ടെ” – ഷാജി വർഗീസിന് എഴുതിയ കത്തിൽ രാഹുല്‍ ഗാന്ധി ആശംസിച്ചു.
ഷാജിയുടെ കോടഞ്ചേരിയിലെ വീട്ടിൽ എത്തി രാഹുൽ ഗാന്ധിയുടെ കത്ത് ഡിസിസി പ്രസിഡന്‍റ് അഡ്വ. കെ പ്രവീൺകുമാർ ഷാജി വർഗീസിന് കൈമാറി. ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈ കാട്ടിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് പിസി മാത്യു, മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് സണ്ണി കാപ്പാട്ട്മല, യുഡിഎഫ് ചെയർമാൻ കെഎം പൗലോസ് തുടങ്ങി നിരവധിപേരും ഒപ്പമുണ്ടായിരുന്നു.