ഷാർജ: ഇന്ത്യാ രാജ്യത്തിന്‍റെ ജനാധിപത്യവും, മതേതരത്വവും സംരക്ഷിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സജ്ജമാണെന്ന് കെപിസിസി വക്താവ് അഡ്വ. അനിൽ ബോസ്. ഇൻകാസ് ഷാർജയുടെ പുതുതായി തിരെഞ്ഞടുക്കപ്പെട്ട കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസും ഇന്ത്യ സഖ്യവും വലിയ രീതിയിലുള്ള തിരിച്ചു വരവിന്‍റെ പാതയിലാണ്, വരാനിരിക്കുന്ന ഹരിയാണ, ജാർഖണ്ഡ്, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ഫലം അത് തെളിയിക്കുമെന്നും അനിൽ ബോസ് പറഞ്ഞു. കേരളത്തിൽ പ്രത്യയ ശാസ്ത്രച്യുതി സംഭവിച്ച അഴിമതിക്കാരുടെ കൂടാരമായി സിപിഎമ്മും, അവർ നേതൃത്വം നൽകുന്ന സർക്കാരും മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇൻകാസ് നമ്മുടെ നാടിനായി നടത്തുന്ന സേവന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇൻകാസ് ഷാർജ പ്രസിഡന്‍റ് കെ.എം അബ്ദുൽ മനാഫ് അദ്ധ്യക്ഷത വഹിച്ചു. ഇൻകാസ് ഷാർജ മുൻ പ്രസിഡന്‍റ് അഡ്വ.വൈ. എ റഹീം, യുഎഇ കമ്മിറ്റി വർക്കിംഗ് പ്രസിഡന്‍റ് ടി.എ രവീന്ദ്രൻ, ജന. സെകട്ടറി എസ്.എം ജാബിൽ, ട്രഷറർ ബിജു എബ്രഹാം, മുൻ ജന.സെക്രട്ടറി വി. നാരായണൻ നായർ, ഇന്ത്യൻ അസോസിയേഷൻ ഷാർജ വൈ.പ്രസിഡന്‍റ് പ്രദീപ് നെന്മാറ, ഷാർജ കമ്മിറ്റി വർക്കിംഗ് പ്രസിഡന രജ്ഞൻ ജേക്കബ് , ജന.സെക്രട്ടറിമാരായ നവാസ് തേക്കട, പി.ഷാജി ലാൽ, ട്രഷറർ റോയി മാത്യു എന്നിവർ സംസാരിച്ചു. ഇൻകാസിന്‍റെ ഷാർജയിൽ നിന്നുള്ള മറ്റു കേന്ദ്ര-സംസ്ഥാന ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.