രാഹുൽ ​ഗാന്ധിയുടെ അയോ​ഗ്യത; ഇന്ത്യൻ ജനാധിപത്യം അധപതിക്കുന്നെന്ന് മമത ബാനര്‍ജി; ഹിംസാത്മകമായ കടന്നാക്രമണമെന്ന് പിണറായി വിജയന്‍; പ്രതികരിച്ച് നേതാക്കള്‍

Jaihind Webdesk
Friday, March 24, 2023

രാഹുൽ ​ഗാന്ധിയെ പ്രതികാര നടപടിയിലൂടെ എംപി സ്ഥാനത്ത് നിന്ന് അയോ​ഗ്യനാക്കി കൊണ്ടുള്ള ലോക്സഭ സെക്രട്ടറിയേറ്റിന്‍റെ വിജ്ഞാപനം പുറത്തിറങ്ങിയതിന് പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് വിവധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ .

‘ഇന്ത്യൻ ജനാധിപത്യം അധപതിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ പുതിയ ഇന്ത്യയിൽ, പ്രതിപക്ഷ നേതാക്കളാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം! ക്രിമിനൽ പശ്ചാത്തലമുള്ള ബിജെപി നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമ്പോൾ പ്രതിപക്ഷ നേതാക്കൾ അവരുടെ പ്രസംഗത്തിന് അയോഗ്യരാക്കപ്പെടുന്നു.നമ്മുടെ ഭരണഘടനാപരമായ ജനാധിപത്യത്തിന്‍റെ ഒരു പുതിയ താഴ്ചയ്ക്ക് ഇന്ന് നാം സാക്ഷ്യം വഹിച്ചിരിക്കുന്നുവെന്ന്  ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ട്വിറ്ററില്‍ കുറിച്ചു.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും നടപടിയെ അപലപിച്ചു. ഏകാധിപത്യ നീക്കത്തെ ചെറുത്തുതോൽപ്പിക്കണമെന്ന് യെച്ചൂരി പറഞ്ഞു. അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുന്നതിന്‍റെ മറ്റൊരു തലമെന്നും യെച്ചൂരി ട്വിറ്റർ കുറിപ്പിൽ പറഞ്ഞു.

കള്ളനെ കള്ളനെന്ന് വിളിക്കുന്നത് രാജ്യത്ത് കുറ്റകരമായി മാറിയിരിക്കുകയാണെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു. ജനാധിപത്യത്തിന്‍റെ കൊലപാതകമാണ് ഇപ്പോള്‍ രാജ്യത്ത് ഉണ്ടായിരിക്കുന്നത്. ഏകാധിപത്യത്തിന്‍റെ  തകര്‍ച്ച തുടങ്ങിയെന്നും അദ്ദേഹം  പറഞ്ഞു. അതേസമയം, രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി കൂട്ടിലടക്കപ്പെട്ട ജനാധിപത്യത്തിന്റെ കാലത്താണ് നാം ജീവിക്കുന്നതെന്ന് ഓര്‍മിപ്പിക്കുന്നതെന്നാണെന്ന് ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.

വിമര്‍ശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുത നമ്മുടെ ജനാധിപത്യത്തെ അപകടപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . ജനാധിപത്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്‍റെ  ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവം. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമര്‍ച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണെന്നും രാഹുല്‍ ഗാന്ധിക്കെതിരെ ഉണ്ടായ നടപടിയില്‍ ശക്തമായി പ്രതികരിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒന്നടങ്കം മുന്നോട്ടു വരണമെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ജനാധിപത്യത്തിന്‍റെ മരണമണിയാണിതെന്നും ബിജെപി പകയുടെ രാഷ്ട്രീയത്തിൽ നിന്ന് സമ്പൂർണ ഏകാധിപത്യത്തിലേക്ക് മാറുകയാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഈ മാറ്റം അപകടകരമായ വേഗത്തിലാണ്. ഇത്തരം ഏകാധിപധികളുടെ ഭാവി എന്താകുമെന്ന് ചരിത്രത്തിൽ വ്യക്തമാണെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കറുത്ത ദിനമെന്ന്  തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പറഞ്ഞു.