രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് വഴിതെറ്റി ; ഗുരുതര സുരക്ഷാ വീഴ്ച

വയനാട് : മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ ഗുരുതര വീഴ്ച. രാഹുല്‍ ഗാന്ധി സഞ്ചരിച്ച വാഹനവ്യൂഹം വഴിതെറ്റി ആറ് കിലോമീറ്റര്‍ സഞ്ചരിച്ചു. എസ്കോര്‍ട്ട് ചുമതല ഉണ്ടായിരുന്ന കേരളാ പോലീസിനാണ് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച സംഭവിച്ചത്.

മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന പ്രദേശമായതിനാല്‍ ഗുരുതര സുരക്ഷാ വീഴ്ചയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. നേരത്തെ കേന്ദ്രസര്‍ക്കാര്‍ രാഹുല്‍ ഗാന്ധിക്കും കുടുംബത്തിനും എസ്.പി.ജി സുരക്ഷ പിന്‍വലിച്ചിരുന്നു. സി.ആര്‍.പി.എഫിന്‍റെ സെഡ് പ്ലസ് സുരക്ഷ മാത്രമാണ് രാഹുലിനും കുടുംബത്തിനും ഇപ്പോഴുള്ളത്. എസ്.പി.ജി സുരക്ഷ പിന്‍വലിക്കാനുള്ള കേന്ദ്ര സർക്കാര്‍ തീരുമാനം വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു.

മൂന്ന് ദിവസത്തെ പര്യടനത്തിനിടെ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.  ബത്തേരിയില്‍ പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ട സ്കൂള്‍ വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍റെ വീട് രാഹുല്‍ ഗാന്ധി നാളെ സന്ദര്‍ശിക്കും. പിന്നീട് സാർവജന സ്കൂളും അദ്ദേഹം സന്ദര്‍ശിക്കും. ഷഹലയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാവണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി നേരിട്ട് എത്തുന്നത്.

rahul gandhi
Comments (0)
Add Comment