BREAKING NEWS: രാഹുല്‍ ഗാന്ധിയുടെ വാഹനത്തിന് നേരെ കല്ലേറ്; കാറിന്‍റെ പിന്‍ഭാഗത്തെ ചില്ല് തകർന്നു: ഗുരുതര സുരക്ഷാ വീഴ്ച | VIDEO

Wednesday, January 31, 2024

 

മാൾഡ: ബംഗാളില്‍ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. അജ്ഞാതരുടെ കല്ലേറില്‍ രാഹുല്‍ ഗാന്ധിയുടെ കാറിന്‍റെ ചില്ല് തകർന്നു. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ യാത്ര എത്തിയപ്പോഴാണ് വൻ സുരക്ഷാ വീഴ്ച ഉണ്ടായത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

രാഹുൽ ഗാന്ധിയുടെ കാറിന്‍റെ ചില്ലുകൾ തകർത്തതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  യാത്രയ്ക്കിടെ പാർട്ടി നേതാക്കളെ കാണാനായി രാഹുല്‍ ഗാന്ധി കാറിൽ നിന്ന് ഇറങ്ങി വരുന്നതിനിടെയായിരുന്നു കല്ലേറുണ്ടായത്. വാഹനത്തിന്‍റെ പിൻവശത്തെ ചില്ല് തകർന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറിൽ നിന്ന് ഇന്ന് വീണ്ടും പശ്ചിമ ബംഗാളിലേക്ക് പ്രവേശിച്ചു. രാവിലെ 11.15 ഓടെയാണ് പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ ദേബിപുർ, റതുവ വഴി യാത്ര വീണ്ടും പശ്ചിമ ബംഗാളിലേക്ക് പ്രവേശിച്ചത്. സുജാപൂരില്‍ രാഹുല്‍ ഗാന്ധി റാലിയെ അഭിസംബോധന ചെയ്യും.