രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ജനുവരി 14ന് തുടക്കമാകും; ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍

Jaihind Webdesk
Thursday, January 11, 2024

 

ന്യൂഡല്‍ഹി: ജനുവരി 14 മുതൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. 15 സംസ്ഥാനങ്ങളിലായി 110 ജില്ലകളിലൂടെ ന്യായ് യാത്ര കടന്നു പോകും. 66 ദിവസം തുടരുന്ന യാത്ര 6,713 കിലോമീറ്റർ പിന്നിട്ട് മുംബൈയിൽ അവസാനിക്കും. അതേസമയം ഇംഫാലിൽ അനുമതി നൽകാത്തത് യാത്രയെ ഭയന്നിട്ട് ആണെന്ന് കോൺഗ്രസ് പ്രതികരിച്ചു.

കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം അവശേഷിക്കുന്ന 15 സംസ്ഥാനങ്ങളിലൂടെയുള്ള രണ്ടാം ഘട്ട ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് പതിനാലാം തീയതി മണിപ്പൂരിൽ വെച്ച് തുടക്കമാകും. മണിപ്പൂരിൽ നാല് ജില്ലകളിലൂടെ ഒരു ദിവസം സമയം എടുത്ത് 107 കിലോമീറ്റർ ആണ് യാത്ര. പിന്നീട് നാഗാലാൻഡിലേക്ക് കടക്കുന്ന യാത്ര രണ്ടുദിവസം സമയമെടുത്ത് 5 ജില്ലകളിലൂടെ 257 കിലോമീറ്റർ സഞ്ചരിക്കും. അസമിൽ എട്ടു ദിവസമാണ് യാത്രയ്ക്കുള്ള സമയം. 17 ജില്ലകളിലായി 833 കിലോമീറ്റർഇവിടെ യാത്ര പിന്നിടും.

അരുണാചലിലും, മേഘാലയിലും ഓരോ ദിവസം വെച്ചാണ് യാത്ര. രണ്ടിടങ്ങളിലുമായി 60 കിലോമീറ്റർ പിന്നിട്ട് യാത്ര വെസ്റ്റ് ബംഗാളിലേക്ക് കടക്കും. ഇവിടെ അഞ്ചുദിവസങ്ങൾ കൊണ്ട് 7 ജില്ലകൾ പിന്നിട്ട് 523 കിലോമീറ്റർ യാത്ര നടക്കും. ബിഹാറിൽ 425 കിലോമീറ്ററും ജാർഖണ്ഡിൽ 804 ഉം ഒറീസയിൽ 341 ഉം ഛത്തീസ്ഗഡിൽ 536 ഉം കിലോമീറ്റർ ഭാരത് ജോഡോ ന്യായ് യാത്ര സഞ്ചരിക്കും. ഉത്തർപ്രദേശിൽ 11 ദിവസമാണ് സമയം. 20 ജില്ലകളിലൂടെ 1074 കിലോമീറ്ററാണ് ഉത്തർപ്രദേശിലൂടെ യാത്ര പിന്നിടുക.

മധ്യപ്രദേശിൽ 9 ജില്ലകളിലൂടെ ഏഴു ദിവസം സമയമെടുത്ത് 698 കിലോമീറ്ററും രാജസ്ഥാനിലൂടെ 128 ഉം ഗുജറാത്തിൽ 445 ഉം മഹാരാഷ്ട്രയിൽ 479 ഉം കിലോമീറ്റർ പിന്നിട്ടാണ് ഭാരത് ജോഡോ ന്യായ് യാത്ര സമാപിക്കുക. യാത്രയുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ് അതേസമയം യാത്രയ്ക്ക് ഇംഫാലിൽ അനുമതി നൽകാത്തത് യാത്രയെ ബിജെപി സർക്കാറുകൾ ഭയന്നിട്ടാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. എന്തുതന്നെയായാലും യാത്ര മണിപ്പൂരിൽ നിന്ന് തന്നെ ആരംഭിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.