M A BABY| രാഹുല്‍ ഗാന്ധിയുടെ ആരോപണം ഞെട്ടിപ്പിക്കുന്നത്: തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കണമെന്ന് എം.എ. ബേബി

Jaihind News Bureau
Friday, August 8, 2025

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് മോഷണ’ ആരോപണം ഞെട്ടിപ്പിക്കുന്നതാണെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്തോട് വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനാധിപത്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍, സമീപകാലത്ത് തിരഞ്ഞെടുപ്പുകളുടെ നിഷ്പക്ഷതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് എം.എ. ബേബി ചൂണ്ടിക്കാട്ടി. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

അതേസമയം, ബംഗളൂരുവില്‍ നടന്ന വോട്ട് അധികാര്‍ റാലിയിലാണ് രാഹുല്‍ ഗാന്ധി ഞെട്ടിക്കുന്ന ആരോപണങ്ങള്‍ ഉന്നയിച്ചത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് ‘വോട്ട് കൊള്ള’യിലൂടെയാണെന്നും, ഇതിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ മുഴുവന്‍ വോട്ടര്‍മാരുടെയും വിവരങ്ങള്‍ ഇ-കോപ്പിയായി നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.