അന്താരാഷ്ട്ര തലങ്ങളില്‍ ചർച്ചയായി രാഹുലിന്‍റെ കടല്‍ സാഹസികത | VIDEO

Jaihind News Bureau
Thursday, February 25, 2021

തിരുവനന്തപുരം : സമൂഹമാധ്യമങ്ങളില്‍ വൈറലായി രാഹുല്‍ ഗാന്ധിയുടെ കടലിലെ നീന്തല്‍. അറബിക്കടലിലേക്ക് എടുത്തുചാടിയ രാഹുല്‍ ഗാന്ധിയുടെ സാഹസികതയാണ് ഇപ്പോള്‍  ചർച്ചചെയ്യപ്പെടുന്നത്. ദേശീയ അന്തർദേശീയ മാധ്യമങ്ങളും വിഷയം ചർച്ചയാക്കി. തീരദേശ ജനതയുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നേരിട്ട് കണ്ട് മനസിലാക്കാന്‍ വേണ്ടിയാണ് രാഹുല്‍ ഗാന്ധി പുലർച്ചെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര നടത്തിയത്.

കൊല്ലം വാടി കടപ്പുറത്തുനിന്ന് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അദ്ദേഹം കടലിലേക്ക് പുറപ്പെട്ടത്. വല ഒതുക്കാന്‍  വേണ്ടിയാണ് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി കടലില്‍ ചാടിയത്. ല്‍സ്യത്തൊഴിലാളിക്കൊപ്പം  ബോട്ടില്‍ നിന്നും കടലിലേക്ക് ചാടിയ രാഹുല്‍ ഗാന്ധി വലയൊതുക്കാന്‍ അവർക്കൊപ്പം കൂടുകയും പരിചയസമ്പന്നനെപ്പോലെ കടലില്‍ നീന്തുകയും ചെയ്തു. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ തന്‍റെ ഔദ്യോഗിക സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലൂടെ രാഹുല്‍ ഗാന്ധിയും ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചു. മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ അദ്ദേഹം നേരിട്ട് അനുഭവിച്ചറിഞ്ഞു. അവരുടെ അധ്വാനത്തെ ആരാധിക്കുന്നതായും ഏറെ വിലമതിക്കുന്നതായും അവർക്കൊപ്പം എന്നും കൂടെയുണ്ടാകുമെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. അവരുടെ കഠിനമായ ജോലിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.

രണ്ട് കിലോമീറ്ററിലധകം ആഴമുള്ള ഭാഗത്തേക്കാണ് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുലും ഇറങ്ങിയത്. ജീവന്‍ പോലും അപകടത്തിലാകാവുന്ന സാഹചര്യമുള്ളപ്പോഴാണ് അദ്ദേഹം മറ്റൊന്നും ആലോചിക്കാതെ ഈ സാഹസിക പ്രവര്‍ത്തിക്ക് തുനിഞ്ഞ്. രാഹുലിന്‍റെ ഈ സാഹസികതയെ രണ്ട് വര്‍ഷം മുമ്പ് തണുത്തുറഞ്ഞ സൈബീരിയന്‍ തടാകത്തില്‍ നീന്തിയ റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദിമര്‍ പുട്ടിന്‍റെ സാഹസികതയോടാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉപമിച്ചിരിക്കുന്നത്. പൊലീസ് വിലക്കുകള്‍ മറികടന്ന് ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുലും പ്രിയങ്കയും എത്തിയതും കഴിഞ്ഞ വർഷം വലിയരീതിയില്‍ ചർച്ചയായിരുന്നു. ഏതായാലും രാഹുല്‍ ഗാന്ധിയുടെ സാഹസികതയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നത്.