‘ഒന്നുകില്‍ സർക്കാരിന് സ്തുതി പാടുക, അല്ലെങ്കില്‍ ജയിലില്‍ പോകുക എന്ന അവസ്ഥ’; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നടപടിയില്‍ രാഹുല്‍ ഗാന്ധി

Jaihind Webdesk
Friday, April 8, 2022

ന്യൂഡല്‍ഹി: മധ്യപ്രദേശിൽ പോലീസ് സ്റ്റേഷനിൽ മാധ്യമപ്രവർത്തകരെ അർധ നഗ്‌നരാക്കി നിർത്തിയെതിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ഒന്നുകിൽ സർക്കാരിന് സ്തുതി പാടുക,  അല്ലെങ്കിൽ ജയിലിൽ പോകുക എന്നതാണ് അവസ്ഥ. ജനാധിപത്യത്തിന്‍റെ നാലാം തൂണിനെ തകർക്കാനാണ് ഭരണകൂട നീക്കമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ബിജെപിയുടെ പുതിയ ഇന്ത്യയിലെ സർക്കാർ സത്യത്തെ ഭയക്കുന്നുവെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഏപ്രിൽ രണ്ടിന് സിദ്ധി ജില്ലയിലെ കോട്‌വാലി പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. മാധ്യമപ്രവര്‍ത്തകർ ഉള്‍പ്പെടെയുള്ളവരെ  പോലീസ് സ്റ്റേഷനിൽ അർധ നഗ്‌നരായി നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ബിജെപി എംഎല്‍എ കേദാര്‍നാഥ് ശുക്ലയ്ക്കും മകനുമെതിരെ പ്രതിഷേധിച്ച കലാകാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരായ പ്രതിഷേധം  റിപ്പോർട്ട് ചെയ്യവെയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടി.