‘പ്രധാനമന്ത്രി പൂജിക്കുന്നത് രണ്ടുപേരെ; കർഷകരെയും തൊഴിലാളികളെയും കാണാത്ത ഭരണം’: രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, November 29, 2022

 

ഉജ്ജയിന്‍/മധ്യപ്രദേശ്: കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി പൂജിക്കുന്നത് രണ്ടുപേരെയാണെന്നും അവരുടെ സാമ്പത്തിക ഉന്നതി ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനമെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തിന്‍റെ നന്മയ്ക്ക് വേണ്ടി തപസ് ചെയ്യുന്നവരാണ് കർഷകരും തൊഴിലാളികളും. രാജ്യത്തിന്‍റെ അഭിവൃദ്ധിക്ക് വേണ്ടി  കഠിനാധ്വാനം ചെയ്യുന്ന കർഷകരും തൊഴിലാളികളുമാണ് രാജ്യത്ത് ആദരിക്കപ്പെടേണ്ടത്. എന്നാൽ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി ഇവരെ ആദരിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നരേന്ദ്ര മോദി രണ്ട് ആളുകളെയാണ് പൂജിക്കുന്നതെന്നും അവരുടെ സമ്പത്ത് വർധിപ്പിക്കാനാണ് അദ്ദേഹം പരിശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ സത്യസന്ധമായി മാധ്യമങ്ങൾ ജനങ്ങളെ അറിയിക്കുന്നില്ലെന്ന വിമർശനവും രാഹുല്‍ ഗാന്ധി ഉയർത്തി. മാധ്യമങ്ങൾ സർക്കാരിനെ ഭയക്കുന്നു. അതിന് മാധ്യമ പ്രവർത്തകരെ കുറ്റം പറയുന്നില്ല. അവരെ നിയന്ത്രിക്കുന്ന മുതലാളിമാരാണ് ഇതിന് കാരണം. നരേന്ദ്ര മോദിജി പൂജ നടത്തുന്നവരുടെ കൈയിലാണ് രാജ്യത്തെ മാധ്യമങ്ങള്‍. അവരാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡൊ യാത്ര കോൺഗ്രസ് പാർട്ടിയുടെ പദയാത്രയല്ല മറിച്ച് ഭാരത്തിലെ ജനങ്ങളുടെ പദയാത്രയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധ്യപ്രദേശിലെ ഉജ്ജയിനില്‍ ഭാരത് ജോഡോ യാത്രയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.