“രാഹുല്‍ ഗാന്ധി ബിബിസി ഡോക്യുമെന്‍ററി സംവിധായകനൊപ്പം”; പച്ചക്കള്ളം പ്രചരിപ്പിച്ച് ബിജെപി നേതാക്കള്‍

Jaihind Webdesk
Saturday, January 28, 2023

ന്യൂഡൽഹി: രാഹുല്‍ ഗാന്ധിക്കെതിരായ വ്യാജ വാര്‍ത്ത കൈയ്യോടെ പിടികൂടി സമൂഹമാധ്യമങ്ങള്‍. ഗുജറാത്ത് കലാപത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ബിബിസി ഡോക്യുമെന്‍ററിയുടെ സംവിധായകനൊപ്പം രാഹുല്‍ ഗാന്ധി നില്‍ക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ബിജെപി നേതാക്കളടക്കമുള്ളവര്‍ പ്രചരിപ്പിച്ചത്. ഇസ്ലിങ്ടൺ നോർത്തിലെ മുന്‍ ലേബർ പാർട്ടി എംപിയായ ജെറേമി കൊർബിനും മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കെ ഉപദേശകനായിരുന്ന കോൺഗ്രസ് സഹയാത്രികൻ സാം പിത്രോധയ്ക്കുമൊപ്പമുള്ള ചിത്രമാണ് ബി.ബി.സി ഡോക്യുമെന്‍ററി സംവിധായകനൊപ്പം നിൽക്കുന്നുവെന്ന വ്യാജ കുറിപ്പോടെ ബി.ജെ.പി നേതാക്കളടക്കമുള്ളവർ പ്രചരിപ്പിച്ചത്.    2021 ലെ ഐ.ടി നിയമത്തിലെ എമർജൻസി അധികാരം ഉപയോഗിച്ച് ബിജെപി സർക്കാർ ഡോക്യുമെൻററിക്ക് നിരോധനമേർപ്പെടുത്തിയിരിക്കുകയാണ്. വിവിധ പ്രധാന വീഡിയോ പ്ലാറ്റുഫോമുകളില്‍ നിന്നും വീഡിയോ നീക്കം ചെയ്തെങ്കിലും ഡോക്യുമെന്‍ററിയുടെ രണ്ട് ഭാഗങ്ങളും ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനാണ് രാഹുൽ ഗാന്ധിയെ ഡോക്യുമെൻററിയുമായി ബന്ധിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്.

ആന്ധ്രാപ്രദേശിലെ ബിജെപി സ്‌റ്റേറ്റ് ജനറൽ സെക്രട്ടറിയും ഇന്ത്യൻ സർക്കാറിന്‍റെ  യൂത്ത് അഫേഴ്‌സ് ദേശീയ വൈസ് ചെയർമാനുമായ വിഷ്ണു വർധൻ റെഡ്ഡി, ഗാന്ധി നഗർ എംഎൽഎയും ജമ്മു കശ്മീരിലെ മുൻ ഉപമുഖ്യമന്ത്രിയും സ്പീക്കറും മേയറുമായ കവിന്ദർ ഗുപ്ത എന്നിവരടക്കം നിരവധി പേർ ഈ ചിത്രം വ്യാജ അടിക്കുറിപ്പോടെ ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

“ആറുമാസം മുമ്പ് ബിബിസി ഡോക്യുമെന്‍ററി പ്രൊഡ്യൂസറുമായി രാഹുല്‍.അതിനാല്‍ നിര്‍മ്മാതാവ് ആറ് മാസം മുമ്പ് ഡോക്യുമെന്ററി പ്ലാന്‍ ചെയ്യുകയും ധനസഹായം നല്‍കുകയും ചെയ്തതായി തോന്നുന്നു.” എന്നാണ് കവിന്ദർ ഗുപ്ത ട്വിറ്ററില്‍ ഫോട്ടോ സഹിതം  കുറിച്ചത്.  നിരവധിപേര്‍ ഇത് ജെറേമി കൊർബിനാണെന്ന് കമന്‍റ് ചെയ്തിട്ടുണ്ടെങ്കിലും പോസ്റ്റ് ഇതുവരെ പിന്‍വലിച്ചിട്ടില്ല.

വിഷ്ണുവര്‍ദ്ധന്‍ എംഎല്‍എ ട്വിറ്ററില്‍ കുറിച്ചത് ‘ആറു മാസം മുമ്പ് രാഹുൽ ഗാന്ധി യു.കെയിൽ പോയി. ബി.ബി.സി പ്രൊഡ്യൂസറെ കണ്ടു. ഒരു ചിത്രം ആയിരം വാക്കുകളേക്കാൾ മൂല്യമുള്ളത്’എന്നാണ്.

വെരിഫൈഡ് അക്കൌണ്ടുകളില്‍ നിന്നുമാണ് ബിജെപി നേതാക്കള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് എന്നത് ഏറ്റവും അതിശയകരമായ കാര്യമെന്ന് സോഷ്യല്‍ മീഡിയിലൂടെ പൊതുജനങ്ങള്‍ പറയുന്നു.  വിവരങ്ങള്‍ തിരിച്ചറിയാതെ നിരവധി പേരാണ് വ്യാജ വാര്‍ത്ത ദിവസങ്ങളായി ഷെയര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

അതേസമയം ചിത്രത്തിൽ ഇരുവർക്കും കൂടെയുള്ളയുള്ള സാം പിത്രോദ തന്നെ ഇക്കാര്യം വ്യക്തമാക്കി ട്വിറ്ററിൽ കുറിപ്പെഴുതിയിരുന്നു. ഒപ്പം നരേന്ദ്ര മോദിയും ജെറേമി കൊർബിനും ഒന്നിച്ചുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. അതിനു ശേഷവും ബിജെപി നേതാക്കള്‍ വാര്‍ത്ത പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല.

2002ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ബിബിസി ഡോക്യുമെന്‍ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയൻ’ ജനങ്ങള്‍ കാണാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പലവിധത്തിലുള്ള നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോഴും ഇതിനെരായ വാദപ്രതിവാദങ്ങളും പലവിധ സംഘര്‍ഷങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.