‘പഠിക്കുക, പ്രക്ഷോഭം നടത്തുക, സംഘടിക്കുക’ അംബേദ്കറുടെ സന്ദേശവുമായി രാഹുല്‍ഗാന്ധി ഡല്‍ഹി സര്‍വകലാശാലയില്‍

Jaihind News Bureau
Thursday, May 22, 2025

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച (മെയ് 22) ഡല്‍ഹി സര്‍വകലാശാലയിലെ നോര്‍ത്ത് കാമ്പസിലെത്തി പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റ് പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. പ്രാതിനിധ്യം, സമത്വം, അക്കാദമിക് നീതി തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. ‘ശിക്ഷാ ന്യായ് സംവാദ്’ പരിപാടിയുടെ ഭാഗമായി എത്തിയതായിരുന്നു അദ്ദേഹം.

ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ (DUSU) പ്രസിഡന്റിന്റെ ഓഫീസില്‍ നടന്ന സംവാദത്തില്‍ വിവിധ കോളേജുകളില്‍ നിന്നും ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ പങ്കെടുത്തു. ജനാധിപത്യപരമായ പങ്കാളിത്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന അക്കാദമിക് ഇടങ്ങളുടെ പ്രാധാന്യവും രാഹുല്‍ ഗാന്ധി എടുത്തുപറഞ്ഞു. ജാതി വിവേചനം, അധ്യാപക തസ്തികകളിലും ഉന്നത ഭരണപരമായ തസ്തികകളിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളുടെ പ്രാതിനിധ്യമില്ലായ്മ, പ്രമുഖ മള്‍ട്ടിനാഷണല്‍ കോര്‍പ്പറേഷനുകളിലെ നിയമനങ്ങളില്‍ നിന്നുള്ള ‘ഒഴിവാക്കല്‍’ എന്നിവയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ ആശങ്ക ഉന്നയിച്ചു.

പഠിക്കുക, പ്രക്ഷോഭം നടത്തുക, സംഘടിക്കുക’ എന്ന ബി.ആര്‍. അംബേദ്കറുടെ സന്ദേശത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍ രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു. നീതിയുക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കുന്നതില്‍ സജീവ പങ്ക് വഹിക്കാന്‍ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു. ‘വിദ്യാര്‍ത്ഥികളുടെ പങ്ക് ക്ലാസ് മുറികള്‍ക്കപ്പുറമാണ് അടിച്ചമര്‍ത്തപ്പെട്ടവരുടെയും പ്രാതിനിധ്യം കുറഞ്ഞവരുടെയും അവകാശങ്ങള്‍ക്കായി അവര്‍ നിലകൊള്ളണം. രാഹുല്‍ പറഞ്ഞു.

സംവാദത്തിനെത്തിയതില്‍ ഡിയുഎസ്യു പ്രസിഡന്റ് രോണക് ഖത്രി രാഹുല്‍ ഗാന്ധിക്ക് നന്ദി പറഞ്ഞു. അദ്ദേഹത്തിന്റെ സന്ദര്‍ശനം വിദ്യാര്‍ത്ഥി സമൂഹത്തിന് ഊര്‍ജ്ജം പകരുമെന്നും ഇന്ത്യയുടെ ജനാധിപത്യപരവും വിദ്യാഭ്യാസപരവുമായ ഭാവി രൂപപ്പെടുത്തുന്നതില്‍ യുവശബ്ദങ്ങളുടെ പ്രാധാന്യം വീണ്ടും ഉറപ്പിക്കുകയും ചെയ്യുമെന്ന് ഖത്രി പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച, ‘ശിക്ഷാ ന്യായ് സംവാദ്’ പരിപാടിയുടെ ഭാഗമായി രാഹുല്‍ ഗാന്ധി ബിഹാറിലെ ദര്‍ഭംഗയില്‍ അംബേദ്കര്‍ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളെ കണ്ടിരുന്നു.