രാഹുല്‍ ഗാന്ധി മാപ്പ് പറയില്ല; അദാനിയില്‍ ജെപിസി അന്വേഷണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്

Wednesday, March 22, 2023

 

ന്യൂഡല്‍ഹി: അദാനി വിഷയത്തിൽ സംയുക്ത പാർലമെന്‍ററി സമിതി അന്വേഷണം എന്ന ആവശ്യത്തിൽ നിന്നും പുറകോട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്. ലണ്ടനിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയില്‍ രാജ്യവിരുദ്ധമായി ഒന്നുമില്ലെന്നും മാപ്പ് പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നടത്തിയ വൻ തിരിമറികളെ കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ സംയുക്ത പാർലമെന്‍ററി സമിതി അന്വേഷിക്കണമെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല. ജെപിസി അന്വേഷണം എന്ന ആവശ്യം ബിജെപി നിരാകരിക്കുകയാണ്. വിഷയത്തിൽ യാതൊരു മറുപടിയും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഇന്നുവരെ ഉണ്ടായിട്ടില്ല. എന്നാൽ കോൺഗ്രസ് അന്വേഷണം ആവശ്യമെന്ന തീരുമാനത്തിൽ നിന്നും പിന്നോട്ടു പോകില്ലെന്ന് ജയ്റാം രമേശ് വ്യക്തമാക്കി.

ലണ്ടനിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയിൽ ഊന്നിയാണ് ഇപ്പോൾ ബിജെപി മുന്നോട്ടുപോകുന്നത്. രാഹുൽ ഗാന്ധിയുടെ പ്രസ്താവന ദേശവിരുദ്ധമല്ല. അതുകൊണ്ടുതന്നെ വിഷയത്തിൽ മാപ്പ് പറയേണ്ട ആവശ്യം ഉദിക്കുന്നുമില്ല. ഞങ്ങൾ അദാനിയുടെ ആരുമല്ലെന്നും ജയ്റാം രമേശ്‌ എഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.