വയനാട്ടിലെ ജനത ഒറ്റക്കെട്ടായി രാജ്യത്തിന് മാതൃകയായി; എം.പിയായിട്ടല്ല സഹോദരനായി എന്നെ കാണണം: രാഹുല്‍ഗാന്ധി

Jaihind News Bureau
Wednesday, August 28, 2019

വയനാട്: ജാതിയുടേയും മതത്തിന്റേയും ദേശത്തിന്റെയും പേരില്‍ രാജ്യം വിഭജിക്കപ്പെട്ടിരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി എം.പി. അതിന് ആക്കം കൂട്ടുന്നവരാണ് കേന്ദ്രം ഭരിക്കുന്നത്. ബി.ജെ.പി സമുദായങ്ങളെ തമ്മിലടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ കല്‍പ്പറ്റയിലെ എം.പി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധി എം.പിയുടെ വയനാട് കല്‍പ്പറ്റയിലെ എം.പി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം രാഹുല്‍ ഗാന്ധി നിര്‍വഹിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, കെ.സി. വേണുഗോപാല്‍, സാദിഖലി ശിഹാബ് തങ്ങള്‍, എ.പി. അനില്‍കുമാര്‍ എം.എല്‍.എ, ഡി.സി.സി പ്രസി. ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വയനാടിന്റെ വികസനം സംബന്ധിച്ച് തനിക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. രാത്രിയാത്രാ നിരോധനം, വന്യമൃഗങ്ങളുടെ ആക്രമണം, ഗതാഗത പ്രശ്‌നങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ വളരെ വേഗത്തില്‍ പരിഹരിനാവില്ലെങ്കിലും പരിഹാരം ഉണ്ടാവും എന്ന് അദ്ദേഹം ഉറപ്പ് നല്‍കി. തന്റെ കടമ താന്‍ വയനാട്ടില്‍ നിര്‍വഹിക്കും. ജാതിയുടേയും മതത്തിന്റേയും ദേശത്തിന്റെയും പേരില്‍ രാജ്യം വിഭജിക്കപ്പെട്ടിരിക്കുകയാണ്. അതിന് ആക്കം കൂട്ടുന്നവരാണ് കേന്ദ്രം ഭരിക്കുന്നത്. ബി.ജെ.പി സമുദായങ്ങളെ തമ്മിലടിപ്പിക്കുകയാണ്. ദുരന്ത സമയത്ത് വയനാട്ടിലെ ജനത ഒറ്റകെട്ടായി നിന്നുകൊണ്ട് രാജ്യത്തിന് മാതൃകയായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എം.പി ആയിട്ടല്ല, സഹോദരനായി എന്നെ കാണണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ആശയപരമായി പോരാടുന്നവര്‍ക്ക് മുന്നിലും എം.പി ഓഫീസിന്റെവാതില്‍ തുറന്ന് കിടക്കുമെന്നും രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി.