Rahul Gandhi | വോട്ടര്‍ പട്ടിക: ആരോപണത്തിന് തെളിവ് നല്‍കാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Jaihind News Bureau
Sunday, August 10, 2025

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു വോട്ടര്‍ രണ്ടുതവണ വോട്ട് രേഖപ്പെടുത്തിയെന്ന ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) കത്തയച്ചു. തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടുകൊള്ള നടത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലിനു പിന്നാലേ, വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാനും പിന്തുണ നല്‍കാനുമായി കോണ്‍ഗ്രസ് വെബ്‌സൈറ്റ് ഇന്ന് ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ നീക്കം. രാഹുല്‍ കാണിച്ചത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ രേഖയല്ലെന്നാണ് നോട്ടിസില്‍ പറയുന്നത്.

ശകുന്‍ റാണി എന്ന വോട്ടര്‍ രണ്ടുതവണ വോട്ട് ചെയ്തുവെന്നും, പോളിംഗ് ഓഫീസര്‍ നല്‍കിയ രേഖകള്‍ പ്രകാരമാണ് താന്‍ ഇത് പറയുന്നതെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു. ‘ഈ ഐഡി കാര്‍ഡ് ഉപയോഗിച്ച് രണ്ടുതവണ വോട്ട് ചെയ്തിട്ടുണ്ട്, ആ ടിക്ക് മാര്‍ക്ക് പോളിംഗ് ബൂത്തിലെ ഉദ്യോഗസ്ഥന്റേതാണ്’ എന്ന് രാഹുല്‍ പറഞ്ഞതായി സിഇഒയുടെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, അന്വേഷണത്തില്‍ താന്‍ ഒരു തവണ മാത്രമാണ് വോട്ട് ചെയ്തതെന്ന് ശകുന്‍ റാണി മൊഴി നല്‍കിയതായി സിഇഒ കത്തില്‍ വ്യക്തമാക്കുന്നു. രാഹുല്‍ ഗാന്ധി പ്രദര്‍ശിപ്പിച്ച ടിക്ക് മാര്‍ക്കുള്ള രേഖ പോളിംഗ് ഓഫീസര്‍ നല്‍കിയതല്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ‘ശകുന്‍ റാണിയോ മറ്റാരെങ്കിലുമോ രണ്ടുതവണ വോട്ട് ചെയ്തുവെന്ന് നിഗമനത്തിലെത്താന്‍ താങ്കളെ സഹായിച്ച രേഖകള്‍ ദയവായി ഹാജരാക്കണം. അതിലൂടെ വിശദമായ അന്വേഷണം നടത്താനാകും,’ കത്തില്‍ പറയുന്നു.

അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധിയുടെ നടപടികള്‍ ശക്തമാക്കി. രാജ്യത്ത് ‘തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍’ ബിജെപിയുമായി കമ്മീഷന്‍ ഒത്തുകളിക്കുകയാണെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി അടുത്തിടെ ആരോപിച്ചിരുന്നു.