
കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ഉയര്‍ത്തിയ വോട്ട് കൊള്ള ആരോപണത്തിലുറച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ ഇന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിശാല റാലി നടത്തും. ഡല്‍ഹി രാംലീല മൈതാനത്താണ് വന്‍ റാലി സംഘടിപ്പിക്കുന്നത്. രാഷ്ട്രപതിക്ക് നിവേദനത്തിനൊപ്പം രാജ്യവ്യാപകമായി ശേഖരിച്ച അഞ്ചരകോടി ഒപ്പുകളും കൈമാറും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവര്‍ റാലിയെ അഭിസംബോധന ചെയ്യും. പ്രിയങ്കാ ഗാന്ധി എം പി, കെ.സി. വേണുഗോപാല്‍ എം പി, ജയറാം രമേശ്, സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും റാലിയില്‍ സന്നിഹിതയായേക്കും. നേതാക്കള്‍ ആദ്യം കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ ഒത്തുകൂടിയ ശേഷം രാംലീല മൈതാനത്തേക്ക് പോകും.
തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്കെതിരെ രാജ്യമെമ്പാടുമായി ഏകദേശം 5.5 കോടി ഒപ്പുകള്‍ കോണ്‍ഗ്രസ് ശേഖരിച്ചിട്ടുണ്ടെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം പി അറിയിച്ചു. പൊതുജന പിന്തുണ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് റാലി നടത്തുന്നത്. കൂടാതെ, ഈ ഒപ്പുകളടങ്ങിയ നിവേദനം സമര്‍പ്പിക്കാനായി രാഷ്ട്രപതിയുടെ അപ്പോയിന്റ്‌മെന്റ് തേടാനും പാര്‍ട്ടി പദ്ധതിയിടുന്നുണ്ട്.