ഹാത്രസ് സന്ദർശിച്ച് രാഹുല്‍ ഗാന്ധി; മരിച്ചവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു

Jaihind Webdesk
Friday, July 5, 2024

 

ലഖ്‌നൗ: ഹാത്രസില്‍ മരിച്ചവരുടെ കുടംബാംഗങ്ങളെ സന്ദർശിച്ച് കോണ്‍ഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. ഹാത്രസ് ദുരന്തത്തിന്‍റെ ഇരകളുമായി രാഹുല്‍ ഗാന്ധി സംസാരിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം സാന്ത്വനിപ്പിച്ചു. തിക്കിലും തിരക്കിലും പെട്ട് 130 പേര്‍ കൊല്ലപ്പെട്ട ഹാത്രസില്‍ രാവിലെയാണ് രാഹുല്‍ ഗാന്ധി സന്ദർശനം നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

അലിഗഢിലെ പിലാഖ്‌നയിലായിരുന്നു രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയത്. മരിച്ചവരില്‍ കൂടുതലും പാവങ്ങളാണെന്നും മരിച്ചവരുടെ ആശ്രിതര്‍ക്കും പരുക്കേറ്റവര്‍ക്കുമുള്ള സഹായധനം വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തം നടന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നാട്ടുകാര്‍ രാഹുല്‍ ഗാന്ധിയുമായി പങ്കുവെച്ചു.

ഭോലെ ബാബ എന്ന് വിളിക്കുന്ന സകർ വിശ്വഹരിയുടെ  പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് അപകടമുണ്ടായത്. ആറ് പേരെ ഉത്തര്‍പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം ഭോലെ ബാബയുടെ പേര് എഫ്‌ഐആറില്‍ ഇല്ല.  ദുരന്തത്തിന് പിന്നാലെ ഭോലെ ബാബ ഒളിവില്‍ പോവുകയായിരുന്നു. മെയിന്‍പൂരിയിലെ ആശ്രമത്തില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രധാന പ്രതി ദേവ്പ്രകാശ് മധുകറും ഒളിവിലാണ്. ഇയാളെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.