‘നിങ്ങള്‍ ഭയപ്പെടേണ്ട…’ മലയാളത്തില്‍ ആശ്വാസവാക്കുകളുമായി രാഹുല്‍ ഗാന്ധി | Watch Video

Jaihind Webdesk
Monday, August 12, 2019

ദുരന്തത്തില്‍ വിറങ്ങലിച്ച വയനാടന്‍ ജനതയ്ക്ക് വലിയ ആശ്വാസമാവുകയായിരുന്നു രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. ഒപ്പമുണ്ടെന്ന രാഹുലിന്‍റെ വാക്ക് പ്രളയത്തില്‍ എല്ലാം നഷ്ടമായവര്‍ക്ക് ആശ്വാസത്തിന്‍റെ തലോടലായി. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സാന്ത്വനത്തിന്‍റെ സാമീപ്യമാവുകയായിരുന്നു രാഹുല്‍ ഗാന്ധി.

പേമാരിയും ഉരുള്‍പൊട്ടലും തുടച്ചുനീക്കിയ തങ്ങളുടെ ഉറ്റവരുടെയും ബന്ധുക്കളുടെയും ഓര്‍മകളില്‍ വിതുമ്പിയവരെയും എല്ലാം നഷ്ടമായവരെയും രാഹുല്‍ ഗാന്ധി ആശ്വസിപ്പിച്ചു. മകനോടെന്നപോലെ ആവലാതികള്‍ പറഞ്ഞ അമ്മമാരെ രാഹുല്‍ ചേര്‍ത്തുപിടിച്ചു. ക്യാമ്പുകളിലുള്ളവര്‍ക്ക് ആരുമില്ലെന്ന ചിന്ത വേണ്ടെന്ന പ്രഖ്യാപനം കൂടിയായി രാഹുല്‍ ഗാന്ധിയുടെ സാമീപ്യം.

പരാതികളും ആവലാതികളും അറിയിച്ച ജനതയ്ക്ക് രാഹുല്‍ ഗാന്ധി ആത്മധൈര്യം പകര്‍ന്നു. ‘ഒന്നും ഭയപ്പെടേണ്ട’ എന്ന് മലയാളത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞപ്പോള്‍ ക്യാമ്പുകളില്‍ പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്‍റെയും ആരവമുയര്‍ന്നു.

കൈതപ്പൊയിലിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു രാഹുല്‍ ആദ്യമെത്തിയത്. തുടര്‍ന്ന് ഉരുള്‍ പൊട്ടലുണ്ടായ പുത്തുമല സന്ദര്‍ശിച്ചു. പിന്നീട് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക്. ഉച്ചയ്ക്ക് ശേഷം കളക്ട്രേറ്റിൽ അവലോകന യോഗം. ശേഷം കൽപ്പറ്റ മുണ്ടേരിയിലെയും മാനന്തവാടി പനമരം ഗവണ്‍മെന്‍റ് ഹൈസ്കൂളിലെയും മീനങ്ങാടിയിലെയും ദുരിതാശ്വാസ ക്യാമ്പുകളിലും ആശ്വാസമായി രാഹുല്‍ എത്തി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ, ഡി.സി.സി പ്രസിഡന്‍റുമാരായ ഐ.സി ബാലകൃഷ്ണൻ എം.എല്‍.എ, ടി സിദ്ദിഖ് എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പം ദുരിതബാധിത മേഖലകൾ സന്ദർശിച്ചു.