‘ഒപ്പമുണ്ട്, നീതി ലഭിക്കും വരെ’ ; ഡല്‍ഹി പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Wednesday, August 4, 2021

 

ന്യൂഡല്‍ഹി :  ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയായ ദളിത് പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. ഞായറാഴ്ചയാണ് ഡല്‍ഹി കന്‍റോണ്‍മെന്‍റ് മേഖലയിലെ നംഗല്‍ ഗ്രാമത്തില്‍  ഒമ്പതു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. തുടര്‍ന്ന് അക്രമികള്‍ മൃതദേഹം ബലമായി ദഹിപ്പിക്കുകയും ചെയ്തിരുന്നു.

തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നും സഹായിക്കണമെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞതായി രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. നീതി ലഭിക്കുംവരെ അവർക്കൊപ്പമുണ്ടാകുമെന്നും രാഹുല്‍ വ്യക്തമാക്കി.

‘ഞാന്‍ കുടുംബവുമായി സംസാരിച്ചു. അവര്‍ക്ക് നീതിയല്ലാതെ മറ്റൊന്നും വേണ്ട. നീതി ലഭിച്ചില്ലെന്നും സഹായിക്കണമെന്നും അവര്‍ പറഞ്ഞു. അതിന് താന്‍ ഒപ്പമുണ്ടാകും. നീതി കിട്ടും വരെ അവര്‍ക്കൊപ്പം തുടരും’ –  ബന്ധുക്കളെ സന്ദര്‍ശിച്ചതിന് ശേഷം രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം നംഗലിലെ ശ്മാശനത്തിന് സമീപമാണ് താമസിക്കുന്നത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പെണ്‍കുട്ടി ശ്മശാനത്തിലെ കൂളറില്‍ നിന്ന് തണുത്തെ വെള്ളം എടുക്കുന്നതിന് വേണ്ടി പോയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുട്ടി തിരിച്ചെത്തിയില്ല.

ആറ് മണിയോടെ ശ്മശാനത്തിലെ പൂജാരി രാധേ ശ്യാമും സംഘവും പെണ്‍കുട്ടിയുടെ അമ്മയോട് കുട്ടി മരിച്ചെന്ന വിവരം പങ്കുവച്ചു. തണുത്ത വെള്ളം എടുക്കുന്നതിനിടെ കൂളറില്‍ നിന്ന് ഷോക്കേറ്റാണ് കുട്ടി മരിച്ചതെന്നാണ് അറിയിച്ചത്. എന്നാല്‍ കുട്ടിയുടെ കൈത്തണ്ടയിലും മറ്റുമായി പാടുകളും മുറിവുകളുമുണ്ടായിരുന്നു. കുട്ടിയുടെ മരണം പൊലീസില്‍ അറിയിക്കേണ്ടെന്നും അറിഞ്ഞാല്‍ അവര്‍ കേസെടുക്കുമെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത് കുട്ടിയുടെ അവയവങ്ങള്‍ മോഷ്ടിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ സമ്മതമില്ലാതെ മൃതദേഹം സംസ്‌കരിച്ചു. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ ശ്മശാനത്തില്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. കുട്ടിയുടെ മരണവിവരം പൊലീസില്‍ അറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായെന്ന വിവരം പുറത്തറിഞ്ഞത്.
55 വയസുള്ള പൂജാരി രാധ ശ്യാം, തൊഴിലാളികളായ സലീം, ലക്ഷ്മി നാരായണന്‍, കുല്‍ദീപ് എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായത്.