വൈദ്യുതാഘാതമേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലെത്തി സന്ദർശിച്ച് രാഹുല്‍ ഗാന്ധി; 1 ലക്ഷം രൂപ ചികിത്സാ സഹായധനം

Sunday, October 16, 2022

ബെല്ലാരി: കർണാടകയിലെ ഭാരത് ജോഡോ യാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ പ്രവര്‍ത്തകരെ രാഹുല്‍ ഗാന്ധി ആശുപത്രിയിലെത്തി സന്ദർശിച്ചു. ബെല്ലാരിയിലെ യാത്രയ്ക്കിടെ മോക്കാ ടൗണിന്‌ സമീപം വെച്ചാണ് നാല് പ്രവര്‍ത്തകര്‍ക്ക് വൈദ്യുതാഘാതമേറ്റത്. കൊടി പിടിച്ചുനീങ്ങിയ പ്രവര്‍ത്തകര്‍ക്ക് സമീപത്തെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല, എംഎൽഎ നാഗേന്ദ്ര എന്നിവരെ ആശുപത്രിയിലെ കാര്യങ്ങള്‍ ക്രമീകരിക്കാനായി നേരത്തെ രാഹുല്‍ ഗാന്ധി നിയോഗിച്ചിരുന്നു. പരിക്കേറ്റ പ്രവർത്തകർക്ക് കോൺഗ്രസ് ഒരുലക്ഷം രൂപാ ചികിത്സാ സഹായധനം അനുവദിച്ചു.