Rahul Gandhi| കേന്ദ്രമന്ത്രി ജയശങ്കറിന്റെ ചൈനീസ് സന്ദര്‍ശനം ‘സര്‍ക്കസ്’മാത്രം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും

Jaihind News Bureau
Tuesday, July 15, 2025

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ വിദേശനയം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ജയശങ്കര്‍ ഒരു ‘സര്‍ക്കസ്’ നടത്തുകയാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റില്‍ ആരോപിച്ചു. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സമയത്ത് ചൈന പാകിസ്ഥാന് ശക്തമായ പിന്തുണ നല്‍കിയത് ചൂണ്ടിക്കാട്ടി മറ്റ് കോണ്‍ഗ്രസ് നേതാക്കളും ജയശങ്കറിനെതിരെ രംഗത്തെത്തി.

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി , ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ശക്തമായ ആക്രമണം. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം ഇരു രാജ്യങ്ങളും ബന്ധം സാധാരണ നിലയിലാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ സന്ദര്‍ശനം. ചൈന പാകിസ്ഥാന് നല്‍കുന്ന പിന്തുണ, ദലൈലാമയുടെ പിന്‍ഗാമി വിഷയം തുടങ്ങിയ നിരവധി തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് ഈ കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.

‘ഉഭയകക്ഷി ബന്ധങ്ങളിലെ സമീപകാല സംഭവവികാസങ്ങളില്‍’ ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് ചൈന പാകിസ്ഥാന് സജീവ പിന്തുണ നല്‍കിയതും ഉള്‍പ്പെടുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. ചൈന ഈ സംഘര്‍ഷത്തെ ആയുധ സംവിധാനങ്ങള്‍ പരീക്ഷിക്കുന്നതിനുള്ള ഒരു ‘ലൈവ് ലാബ്’ ആയി ഉപയോഗിച്ചുവെന്ന കരസേനയുടെ ഡെപ്യൂട്ടി ചീഫ് ലഫ്റ്റനന്റ് ജനറല്‍ രാഹുല്‍ സിങ്ങിന്റെ സമീപകാല പരാമര്‍ശങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സൈനിക നീക്കങ്ങളെക്കുറിച്ച് ചൈന പാകിസ്ഥാന് തത്സമയ രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കിയെന്നും സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ നേരത്തേ അറിയിച്ചിരുന്നു.

അപൂര്‍വ ലോഹ കാന്തങ്ങള്‍, ടണല്‍ ബോറിംഗ് മെഷീനുകള്‍ തുടങ്ങിയ നിര്‍ണായക വസ്തുക്കളുടെ കയറ്റുമതി ഇന്ത്യയിലേക്ക് ചൈന നിയന്ത്രിക്കുന്ന പശ്ചാത്തലത്തില്‍ ജയശങ്കര്‍-ഷി കൂടിക്കാഴ്ച നടത്തിയതിനെയും രാജ്യസഭാ എംപി ചോദ്യം ചെയ്തു. ആപ്പിള്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ഫോക്സ്‌കോണ്‍ പ്ലാന്റില്‍ നിന്ന് നൂറുകണക്കിന് ചൈനീസ് തൊഴിലാളികളെ പിന്‍വലിച്ച കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു.

‘ചൈനീസ് അധിനിവേശം അതിന്റെ ഉച്ചസ്ഥായിയിലായിരുന്ന 1962 നവംബറില്‍ പാര്‍ലമെന്റിന് അതിര്‍ത്തി സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കഴിയുമെങ്കില്‍, എന്തുകൊണ്ട് ഇപ്പോള്‍ നമുക്കത് ചര്‍ച്ച ചെയ്തുകൂടാ? പ്രത്യേകിച്ചും ഇരുപക്ഷവും ബന്ധം സാധാരണ നിലയിലാക്കാന്‍ ആഗ്രഹിക്കുന്നതായി തോന്നുമ്പോള്‍,’ ജയറാം രമേശ് ചോദിച്ചു.

കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത്തും വാര്‍ത്താസമ്മേളനത്തില്‍ വിഷയം ഉന്നയിച്ചു. ഇന്ത്യ ഒരു ചെറിയ സമ്പദ്വ്യവസ്ഥയാണെന്നും വലിയ ഒന്നിനോട് പോരാടാന്‍ കഴിയില്ലെന്നുമുള്ള 2023-ലെ പരാമര്‍ശം ഉള്‍പ്പെടെ, ജയശങ്കറിന്റെ പ്രസ്താവനകളുടെ ചരിത്രം കണക്കിലെടുക്കുമ്പോള്‍ ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച ആശ്ചര്യകരമല്ലെന്ന് സുപ്രിയ ശ്രീനേത്ത് പറഞ്ഞു.